മസ്ദര്‍ സിറ്റി മസ്ജിദ് തുറന്നു; പ്രവര്‍ത്തനം സൗരോര്‍ജത്തില്‍
text_fieldsമസ്ദര്‍ സിറ്റി മസ്ജിദ്
അബൂദബി: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റിലെ ആദ്യ പള്ളി, മസ്ദര്‍ സിറ്റി മസ്ജിദ് റമദാന്റെ മുന്നോടിയായി വിശ്വാസികള്‍ക്കായി തുറന്നു. പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം നൂതന സാങ്കേതിവിദ്യകളുടെ സഹായത്തോടെ പാരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അല്‍ ബിദയ മസ്ജിദില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച മസ്ജിദിന് ലീഡ് പ്ലാറ്റിനം, നെറ്റ് സീറോ എനര്‍ജി സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്. മസ്ജിദിന്റെ മേല്‍ക്കൂരയിലും പാര്‍ക്കിങ് കേന്ദ്രങ്ങളുടെ മുകളിലുമായി 1074 ചതുരശ്ര മീറ്ററിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് മസ്ജിദിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉല്‍പ്പാദിപ്പിച്ചു നല്‍കും. 1300 വിശ്വാസികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മസ്ജിദിന്റെ 20.2 മീറ്റര്‍ ഉയരമുള്ള മിനാരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
തൂണുകളൊന്നുമില്ലാത്ത 42 മീറ്റര്‍ വീതിയുള്ള പ്രാര്‍ഥനാ ഹാളാണ് പള്ളിക്കുള്ളത്. 319 ക്യുബിക് മീറ്റര്‍ വിസ്തീര്‍ണമുള്ളതും മണ്ണില്‍ നിര്‍മിച്ചതുമായ ഖിബ്ല മതില് പരമ്പരാഗത പ്രാദേശിക നിര്‍മാണ രീതികളെ പ്രതിഫലിപ്പിക്കുകയും ഇന്‍ഡോര്‍ താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമാണ്.സ്വാഭാവിക വായു പ്രവാഹവും വെളിച്ചവും ലഭ്യമാക്കുന്നതിനാല്‍ പള്ളിയിലെ ഊര്‍ജ ഉപയോഗം ഗണ്യമായി കുറക്കുന്നുണ്ട്. ഇതിനു പുറമേ സൗര്ജത്തില് പ്രവര്‍ത്തിക്കുന്ന ശീതീകരണ സംവിധാനവും എൽ.ഇ.ഡി വെളിച്ചവും പള്ളിയിലുണ്ട്. അംഗശുദ്ധിക്ക് ഉപയോഗിക്കുന്ന ജലം ജലസേചനത്തിനും ഉപയോഗിക്കുന്നുണ്ട്. യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യവുമായി അടുത്തുനില്‍ക്കുന്നതാണ് മസ്ദര്‍ സിറ്റി മസ്ജിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

