കേന്ദ്രബജറ്റ് ആരോഗ്യ രംഗത്തിന് ഗുണകരം -ഡോ. ആസാദ് മൂപ്പൻ
text_fieldsആസാദ് മൂപ്പൻ
ദുബൈ: രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനമെത്തിക്കാൻ സഹായിക്കുന്നതാണ് ബജറ്റെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു.
ആരോഗ്യ രംഗത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 75,000 മെഡിക്കൽ സീറ്റുകൾ അധികം അനുവദിച്ച തീരുമാനം സ്വാഗതാർഹമാണ്.
ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങളില്ലാത്ത മേഖലകൾക്ക് തീരുമാനം ഗുണംചെയ്യും. ജില്ല ആശുപത്രികളിൽ അർബുദരോഗികളുടെ പരിചരണത്തിനായി 200 ഡേകെയർ കേന്ദ്രങ്ങൾകൊണ്ടുവരുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
അർബുദ ചികിത്സാരംഗത്തെ വികേന്ദ്രീകരിക്കുന്നതിൽ ഈ ചുവടുവെപ്പ് നിർണായകമാണ്. മെഡിക്കൽ ടൂറിസത്തിനായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ വിസ ചട്ടത്തിൽ ഇളവുകൾ വരുത്താനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണംചെയ്യും.
ആഗോള തലത്തിൽ കേരളത്തിലെ ചികിത്സാ സംവിധാനങ്ങൾക്ക് മികച്ച പ്രതിച്ഛായയാണുള്ളത്. കേരളത്തെ ഒരു പ്രധാന മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനൊപ്പം നിരവധി പ്രാദേശിക ചെറുകിട ബിസിനസുകളുടെ വളർച്ചക്കും ഈ തീരുമാനം പ്രേരകമാകും.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിനെ സഹായിക്കുന്ന ഒരു തീരുമാനം കൂടിയാണ് ഇപ്പോഴത്തെ നിർണായക പ്രഖ്യാപനമെന്നും ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

