ചലച്ചിത്ര ശീലങ്ങളെ മാറ്റിയെഴുതിയ കലാകാരന്
text_fieldsആകാശത്തുനിന്ന് ഇരുട്ടിൽ കോടമഞ്ഞിന്റെ അകമ്പടിയോടെ ഭൂമിയിലേക്കിറങ്ങി വന്ന ഗന്ധർവ്വനെ വെളിത്തിരയിൽ കണ്ടുനിന്നപ്പോൾ പലർക്കും അതിശയം വിടാനായില്ല. ‘‘മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധംപോലും ആവശ്യമില്ലാത്തവൻ’’ എന്ന വാക്കുകളോടെ ആ ഗന്ധർവ്വൻ ഇറങ്ങിവന്ന് കുടിപ്പാർത്തത് പ്രേക്ഷക ഹൃദയത്തിലാണ്.
പ്രണയത്തിന് ഗാന്ധർവനിലൂടെയും സാധ്യതയുണ്ടെന്ന് മലയാളികളെ ബോധ്യപ്പെടുത്തിതന്ന ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ ശരിക്കുമുള്ള ഗന്ധർവ്വനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. പത്മരാജന്റെ അവസാന ചിത്രമായ ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ സാക്ഷാൽ ഗന്ധർവ്വനെ സൃഷ്ടിച്ചത് നമ്പൂതിരിയാണ്. തലയിൽ തിളങ്ങുന്ന കിരീടമണിഞ്ഞ് പ്രണയാർദ്ര സ്വരമുള്ള ഗന്ധർവനെ അന്ന് സ്വപ്നം കാണാത്ത കാമുകിമാരുണ്ടായിരുന്നില്ല.
പത്മരാജൻ ഭരതൻ അരവിന്ദൻ
ഇരുട്ടിൽ പതിയെ കാമുകിക്കരികിലേക്ക് ഗന്ധർവ്വൻ വരുന്നതു കണ്ട അന്നത്തെ പ്രേക്ഷകൻ ചിന്തിച്ചത് ഇതായിരിക്കുമോ പറഞ്ഞുകേട്ട കഥയിലെ സാക്ഷാൽ ഗന്ധർവ്വനെന്ന്. രാജീവ് അഞ്ചലായിരുന്നു ‘ഞാൻ ഗന്ധർവ്വ’െൻറ കലാസംവിധായകൻ. എന്നാൽ, അതിലെ ഗന്ധർവ്വരൂപം സൃഷ്ടിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്.
അദ്ദേഹം വരച്ചുകൊടുത്ത ചിത്രത്തെ ആസ്പദമാക്കിയാണ് പത്മരാജൻ സിനിമയിലെ നായകൻ നിതീഷ് ഭരദ്വാജിനെ ഗന്ധർവനാക്കി മാറ്റിയത്. ഒരുപാട് രചനകൾക്ക് വരച്ചുകൊടുത്ത് ജീവനുള്ള കഥകളാക്കിക്കൊടുത്ത ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്രകാരന്മാരായിരുന്നു ഭരതനും പത്മരാജനും.
തിരുവനന്തപുരത്തെ പത്മരാജന്റെ വീടിന്റെ പൂമുഖവാതിൽക്കൽ നമ്പൂതിരി കൊത്തിവെച്ച രാമായണ-ഭാരത-ഭാഗവത കഥകളുടെ ആവിഷ്കാരം, തനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നു പത്മരാജനെന്ന് അടിയുറപ്പിക്കുന്നതാണ്. കൂടാതെ പത്മരാജന്റെ എത്രയോ കഥകൾക്ക് വരപ്രസാദം അണിഞ്ഞുനൽകാനും നമ്പൂതിരിക്കായി. പത്മരാജൻ-ഭരതൻ കൂട്ടുകെട്ടിലെ നിരവധി സിനിമകളിലും വരച്ചുകൊണ്ട് അദ്ദേഹം സാന്നിധ്യമുറപ്പിച്ചു.
കലാസംവിധാനത്തിലേക്ക് ക്ഷണിച്ച് അരവിന്ദൻ
തന്റെ ആദ്യചിത്രത്തിൽ കലാസംവിധാനം നിർവഹിക്കാൻ അരവിന്ദനാണ് നമ്പൂതിരിയെ ക്ഷണിച്ചത്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സുഹൃത്തുക്കളായിരുന്ന ജി. അരവിന്ദന്റെ ആദ്യസിനിമയായ ഉത്തരായനം 1975ലാണ് പുറത്തിറങ്ങിയത്. തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥാകൃത്ത്. ഇവർ രണ്ടുപേരും നമ്പൂതിരിയുടെ ഉറ്റ സുഹൃത്തുക്കളാണ്.
പത്മരാജന്റെ വീടിന്റെ വാതിലിൽ നമ്പൂതിരി കൊത്തിവെച്ച രാമായണ-ഭാരത-ഭാഗവത കഥകളുടെ ആവിഷ്കാരം
ആ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നമ്പൂതിരിക്ക് ഇതിലൂടെ ലഭിച്ചു. 1977ൽ അരവിന്ദൻ ‘കാഞ്ചനസീത’യിലൂടെ രാമായണത്തെ തന്റെ കാഴ്ചകളിലൂടെ പുനർവ്യാഖ്യാനിച്ചു. അതുവരെ ജനങ്ങൾ കേട്ടറിഞ്ഞ രാമായണത്തിന്റെ മറ്റൊരു മുഖമായിരുന്നു സിനിമയിൽ. രാമന്റെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്ന ആന്ധ്രയിലെ രാമചെഞ്ചു എന്ന ആദിവാസി വിഭാഗത്തിൽനിന്നാണ് അഭിനേതാക്കളെ കണ്ടെത്തിയത്. സ്ത്രീപക്ഷത്തുനിന്നുള്ള രാമായണം ആന്ധ്രയിലെ ആദിമ ഗോത്രമേഖലകളിലാണ് ചിത്രീകരിച്ചത്.
ഞാൻ ഗന്ധർവ്വൻ സിനിമയിലെ ഗന്ധർവ്വ രൂപം
രാജീവ് താരാനാഥ് എന്ന അതുല്യകലാകാരനാണ് സംഗീതമൊരുക്കിയത്. ഷാജി എൻ. കരുണാണ് ഛായാഗ്രഹണം നിർവഹിച്ചത്. കാഞ്ചനസീതയുടെ കലാസംവിധായകനാവാൻ അത്തവണയും അരവിന്ദൻ നമ്പൂതിരിയെ ക്ഷണിച്ചു. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ കാഞ്ചനസീതയാണ് സ്വതന്ത്ര സിനിമയെന്ന കാഴ്ചപ്പാട് ഇന്ത്യക്ക് സമ്മാനിച്ചത്. അരവിന്ദന്റെ ‘ഒരിടത്ത്’, ‘തമ്പ്’ തുടങ്ങിയ സിനിമകളിലും നമ്പൂതിരി ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

