യു.എ.ഇയിൽ പുകവലി രോഗങ്ങൾ തടയാൻ ‘നിർമ്മിത ബുദ്ധി’
text_fieldsആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവും ‘സനോഫി’യും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി പുകവലി രോഗങ്ങൾ തടയാൻ പദ്ധതി രൂപപ്പെടുത്തി യു.എ.ഇ. ഇതിന്‍റെ ഭാഗമായി വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ വരാൻ സാധ്യതയുള്ള പുകവലിക്കാരെ കണ്ടെത്തുന്നതിനാണ് എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. യുവാക്കളിൽ പുകയില അനുബന്ധ രോഗങ്ങൾ തടയുകയും പൊജനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫിയും തമ്മിൽ കഴിഞ്ഞ ദിവസം ധാരണാപത്രത്തിലൊപ്പിട്ടു.
പുകവലി നിർത്തുന്നതിനുള്ള ബിഹേവിയറൽ തെറാപ്പി ചികിത്സ നൽകാൻ പദ്ധതി പ്രകാരം ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകൃത പരിശീലന പരിപാടിയാണ് ഒരുക്കുക. അപകടസാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന എ.ഐ അധിഷ്ഠിത ഉപകരണങ്ങളും ഇതിന്‍റെ ഭാഗമായിരിക്കും. സ്‌കൂളുകളിലും സർവകലാശാലകളിലും യുവാക്കൾക്കിടയിൽ ഇ-സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം രൂപപ്പെടുത്തിയത്. എ.ഐ, മറ്റു പുതിയ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് യുവാക്കളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിച്ചേരുന്ന ബോധവൽക്കരണ കാമ്പയ്‌നുകളും ഒരുക്കും.
ദുബൈയിലെ മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പൊതുജനാരോഗ്യ വകുപ്പ് അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുറഹ്മാൻ അൽ റന്ദും സനോഫി ജനറൽ മാനേജർ പ്രീതി ഫുത്നാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ദേശീയ ആരോഗ്യ, അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് ശ്വസകോശ രോഗ ഗവേഷണത്തെ ശക്തിപ്പെടുത്തുന്നതിനും ധാരണയുണ്ട്. നിരീക്ഷണ, വിശകലന പഠനങ്ങൾ നടത്തൽ, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ശാസ്ത്ര രചനകൾ പ്രസിദ്ധീകരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. കൂടാതെ, പുകയില വിരുദ്ധ സന്ദേശങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ പരിപാടികളെയും കായിക സംരംഭങ്ങളെയും സഹായിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

