മത്സ്യസമ്പത്ത് കൂട്ടാൻ കൃത്രിമ പവിഴപ്പുറ്റുകൾ
text_fieldsകൃത്രിമ പവിഴപ്പുറ്റുകൾ കടലിൽ സ്ഥാപിക്കുന്ന ജീവനക്കാർ
ദുബൈ: രാജ്യത്ത് മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതുവഴി സുസ്ഥിരമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് എമിറേറ്റുകളിലെ സമുദ്ര മേഖലകളിൽ കൃത്രിമ പവിഴപ്പുറ്റുകൾ സ്ഥാപിച്ച് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പ്രാദേശിക അതോറിറ്റികളുടെ സഹകരണത്തോടെ ഷാർജ, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളിലാണ് കൃത്രിമമായി നിർമിച്ച പവിഴപ്പുറ്റുകൾ സ്ഥാപിച്ചത്.
രാജ്യത്തിന്റെ സമുദ്ര മേഖലയിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നാണ് മത്സ്യസമ്പത്തെന്ന് മന്ത്രാലയത്തിലെ വൈജവൈവിധ്യ, സമുദ്രജീവചാല മേഖല ആക്ടിങ് അസി. അണ്ടർസെക്രട്ടറി ഹിബ ഉബൈദ് അൽ ഷെഹി പറഞ്ഞു. മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള തന്ത്രപരമായ പരിഹാരങ്ങളിലൊന്നാണ് കൃത്രിമ പവിഴപ്പുറ്റുകൾ. ഇത്തരം പവിഴപ്പുറ്റുകൾ സുസ്ഥിരമായ മത്സ്യബന്ധനത്തെ പിന്തുണക്കുന്നതിനൊപ്പം ദേശീയ ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുകയും സമുദ്രമേഖലയിലെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
രാജ്യത്തെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് പുനരുജ്ജീവിക്കുന്നതിനായി നടപ്പിലാക്കിയ ‘കൃത്രിമ ഗുഹ പദ്ധതി’യുടെ വിജയത്തിന് കൃത്രിമ പവിഴപ്പുറ്റ് പദ്ധതി അധിക പിന്തുണയേകുമെന്ന് അൽ ഷെഹി വ്യക്തമാക്കി. 2016ൽ ആണ് ‘കൃത്രിമ ഗുഹ പദ്ധതി’ മന്ത്രാലയം ആരംഭിക്കുന്നത്. കൃത്രിമമായ ആവാസ വ്യവസ്ഥകളും നഴ്സറികളും സൃഷ്ടിക്കുകയും കുഞ്ഞുമത്സ്യങ്ങൾക്ക് സുരക്ഷിതമായ പ്രജനനത്തിനും വളർച്ചക്കും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയുമാണ് പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്. അതുവഴി ദേശീയ മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്നതായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. തീരദേശമേഖലകളിലും സമുദ്ര ആവാസവ്യസ്ഥകളിലും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി.
നേരത്തെ ദുബൈയിലും വലിയ രീതിയിൽ കൃത്രിമ പവിഴപ്പുറ്റുകൾ സമുദ്രങ്ങളിൽ സ്ഥാപിക്കുന്ന ദുബൈ റീഫ് സംരംഭത്തിന് തുടക്കമിട്ടിരുന്നു. മേയിൽ മിഡിലീസ്റ്റിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പൂന്തോട്ടം സംരംഭത്തിന് അബൂദബിയും തുടക്കമിട്ടിരുന്നു. 2030ഓടെ 1,200 ചതുരശ്ര കിലോമീറ്റർ നീളത്തിലായി 40,000 പരിസ്ഥിതി സൗഹൃദ കൃത്രിമ പവിഴപ്പുറ്റുകൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2021നും 23നും ഇടയിൽ നടത്തിയ പഠനത്തിൽ 40 പവിഴ മൊഡ്യൂളുകളാണ് യു.എ.ഇയിലെ ജലാശയങ്ങളിൽ ഇതുവരെ സ്ഥാപിക്കപ്പെട്ടത്. ഇതുവഴി 17 ബർണാക്ക്ൾ, ബിവാൽവ്സ്, സ്പോഞ്ചുകൾ പോലുള്ള 17 ജീവി വർഗങ്ങൾക്കും 15 മത്സ്യ വർഗങ്ങളുടെ വളർച്ചക്കും സഹായകമായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

