നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി കവർച്ച: പത്ത് പേർക്ക് 10 വർഷം തടവും 26 ലക്ഷം പിഴയും
text_fieldsദുബൈ: ഏഷ്യക്കാരനായ വ്യവസായിയേയും പെൺസുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ 10 അംഗ സംഘത്തിന് ദുബൈ ക്രിമിനൽ കോടതി 10 വർഷം തടവും 26.05 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. പ്രതികളിൽ ആറു പേരുടെ സാന്നിധ്യത്തിലും നാലു പേരുടെ അഭാവത്തിലുമാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളിൽ ഏഴു പേർ ഏഷ്യൻ വംശജരും മൂന്നു പേർ യൂറോപ്യൻ വംശജരുമാണ്. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടു കടത്തും.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിലിക്കൻ ഒയാസിസിലെ അപാർട്ട്മെന്റിൽ നിന്നാണ് നിക്ഷേപകനേയും യുവതിയേയും സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് 2.605 ദശലക്ഷം ദിർഹം മൂല്യം വരുന്ന ഏഴു ലക്ഷം രൂപ പ്രതികളിൽ ഒരാളുടെ നാട്ടിലുള്ള അക്കൗണ്ടിലേക്ക് നിർബന്ധപൂർവം അയപ്പിക്കുകയായിരുന്നു.
അതിരാവിലെ അപാർട്ട്മെന്റിൽ അതിക്രമിച്ച് കയറിയ സംഘം രണ്ടു പേരെയും ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി ജുമൈറ ലേക്സ് ടവറിലെ വില്ലയിൽ ബന്ധിയാക്കി. തുടർന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ ശേഷം ഡിജിറ്റൽ വാലറ്റ് ആപ് തുറന്ന് ഏഴു ലക്ഷം രൂപ നിർബന്ധപൂർവം പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ നിക്ഷേപകൻ പറയുന്നത്. പണം കൈക്കലാക്കിയ ശേഷം ഇരുവരേയും ഫ്ലാറ്റിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നുവെന്നും പരാതിക്കാരൻ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

