സായുധ സേന ലെഫ്. ജനറൽ പദവി: ശൈഖ് ഹംദാനെ അഭിനന്ദിച്ച് പ്രസിഡന്റ്
text_fieldsശൈഖ് ഹംദാന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു. അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സമീപം
ദുബൈ: സായുധ സേനയുടെ ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ച ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാശിദ് ആല് മക്തൂമിനെ അഭിനന്ദിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പുതിയ പദവി ഏറ്റെടുത്ത ശേഷം അബൂദബിയിലെ ഖസർ അൽ ശാത്വി കൊട്ടാരത്തിലെത്തിയ ശൈഖ് ഹംദാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.
ഹൃദ്യമായ സ്വീകരണമാണ് ശൈഖ് ഹംദാന് പ്രസിഡന്റ് കൊട്ടാരത്തിൽ ഒരുക്കിയിരുന്നത്. ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നീ പദവികളിൽ ഒരു വർഷം പൂർത്തിയായ ശേഷമാണ് ശൈഖ് ഹംദാനെ പ്രസിഡന്റ് സായുധ സേനയുടെ ലെഫ്റ്റനന്റ് ജനറലായി കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നൽകിയത്. തന്നിൽ വിശ്വാസമർപ്പിച്ച പ്രസിഡന്റിന് അദ്ദേഹം നന്ദി അറിയിച്ചു. ദേശീയതയും പൗരൻമാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, മറ്റ് നിരവധി ശൈഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ കൊട്ടാരത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

