സായുധസേന ഏകീകരണ സ്മരണയിൽ ഇമാറാത്ത്
text_fieldsദുബൈ: രാജ്യത്തിന്റെ ശക്തമായ സൈനിക ശക്തിയെയും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ അതിന്റെ പങ്കിനെയും അനുസ്മരിച്ച് യു.എ.ഇ ശനിയാഴ്ച 47-ാമത് സായുധസേന ഏകീകരണ ദിനം ആചരിക്കുന്നു. രാജ്യത്തിന്റെ വിജയകരമായ സൈനിക ദൗത്യങ്ങളും പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുന്ന ദിനാചരണത്തിൽ പ്രത്യേകമായ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്.
1976 മേയ് ആറിനാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സായുധസേനയെ ഒരു കേന്ദ്ര കമാൻഡിനും പതാകക്കും കീഴിൽ ഏകീകരിക്കുന്നതായ ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതിന്റെ അനുസ്മരണമായാണ് എല്ലാ വർഷവും മേയ് ആറിന് സായുധസേന ഏകീകരണ ദിനം ആചരിക്കുന്നത്. സായുധസേനയെ ഏകീകരിക്കാനുള്ള തീരുമാനം രാഷ്ട്ര ഏകീകരണ തീരുമാനം പോലെ പ്രധാനമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. യു.എ.ഇ സൈനിക മാഗസിനായ ‘നേഷൻ ഷീൽഡി’നോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാതെ യൂനിയന്റെ പരമാധികാരം വികസിപ്പിക്കാനും നിലനിർത്താനും സാധിക്കുമായിരുന്നില്ല. രാഷ്ട്ര സ്ഥാപകരായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും മറ്റു സുപ്രീംകൗൺസിൽ അംഗങ്ങളുടെയും തീരുമാനത്തെ ഈ സന്ദർഭത്തിൽ നന്ദിയോടെയും ബഹുമാനത്തോടെയും അംഗീകരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികരുടെ വിശ്വസ്തതയും ധൈര്യവും അർപ്പണബോധവും പ്രതിജ്ഞയോടുള്ള പ്രതിബദ്ധതയും സായുധ സേനയെ കാര്യക്ഷമതയുടെയും ഫലപ്രാപ്തിയുടെയും ഏറ്റവും ഉയർന്ന തലത്തിലേക്ക് വളർത്തിയെന്നും എല്ലായിടത്തും എല്ലാവരിൽ നിന്നും ബഹുമാനം നേടുന്നതിന് ഇത് കാരണമായെന്നും സേനയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെയും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെയും രാജ്യത്തെ പൗരന്മാരെയും സായുധസേന ഏകീകരണ ദിനത്തിൽ അദ്ദേഹം അഭിനന്ദിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പ്രസിഡൻറിന് യു.എ.ഇ സായുധ സേന ഏകീകരണ ദിനത്തോടനുബന്ധിച്ച് അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

