600 ദിർഹമിന്റെ പേരിൽ തർക്കം; സംഘർഷത്തിൽ പ്രവാസി കൊല്ലപ്പെട്ടു
text_fieldsഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ പ്രവാസി കൊല്ലപ്പെട്ടു. 600 ദിർഹം കടം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് സഹോദരങ്ങളെ വടിയും കത്തിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇതിലാണ് ഒരാൾ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തത്.
സംഭവത്തിൽ ഏഴ് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് അറിയിച്ചു. സഹോദരങ്ങൾ നൽകാനുള്ള പണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമികൾ മർദിച്ചത്. വാക്തർക്കമായാണ് സംഭവം ആരംഭിച്ചത്. പിന്നീട് ശാരീരിക ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ആക്രമണം നടത്തിയവർ കടന്നു കളയുകയും ചെയ്തു. സംഭവം അറിഞ്ഞ ഉടൻതന്നെ അന്വേഷണം ആരംഭിച്ച പൊലീസ് രണ്ടു മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു. സാമ്പത്തിക തർക്കത്തെതുടർന്നുള്ള ആക്രമണം പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും ഒത്തുതീർപ്പാക്കാൻ കഴിയാത്ത കേസുകൾ അധികൃതരെ അറിയിക്കണമെന്നും ഷാർജ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

