മതിലിൽ അർജന്‍റീന, മുകളിൽ ഫുട്ബാൾ; സുബൈർ വാഴക്കാടിന് സ്നേഹവീടൊരുങ്ങുന്നു
text_fieldsദുബൈ: മതിൽ മുഴുവൻ അർജന്‍റീനൻ മയം, മുകളിൽ മെസ്സിയുടെ ജഴ്സിയും ഫുട്ബാളും. മലബാർ ഭാഷയിൽ കളിപറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മലപ്പുറം സ്വദേശി സുബൈർ വാഴക്കാടിനായൊരുങ്ങുന്ന വീടിന്‍റെ മാതൃകയാണിത്. നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന വീടിന്‍റെ താക്കോൽ ദാനം ഈ മാസം 19ന് നടക്കുമെന്ന് വീട് നിർമിച്ച് നൽകുന്ന യു.എ.ഇയിലെ പ്രവാസി വ്യവസായി സ്മാർട് ട്രാവൽ എം.ഡി അഫി അഹ്മദ് വ്യക്തമാക്കി. പിതാവ് യു.പി.സി. അഹമ്മദ് ഹാജിയുടെ ഓർമക്കായി നിർമിച്ച വീടിന് യു.പി.സി വില്ല എന്നാണ് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ഖത്തർ ലോകകപ്പോടെയാണ് സുബൈർ വാഴക്കാട് നാട്ടിലെ താരമായത്. അർജന്‍റീനയുടെ കട്ട ഫാനായ സുബൈർ ലോകകപ്പിനിടെ മത്സരങ്ങൾ അവലോകനം ചെയ്തും പ്രവചിച്ചും കമന്‍ററി പറഞ്ഞും സോഷ്യൽ മീഡിയയിൽ സ്റ്റാറായി. എന്നാൽ, കളി പറച്ചിലിനിടയിലും സുരക്ഷിതമായ വീടെന്ന സ്വപ്നം സുബൈറിന് അകലെയായിരുന്നു. ഇതറിഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അഫി അഹ്മദ് വീട് നിർമിക്കാൻ മുന്നോട്ടുവരുകയായിരുന്നു. 70 ദിനം കൊണ്ട് വീട് പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. ആദ്യം ഖത്തറിൽ പോയി കളി കാണാൻ എല്ലാ ചിലവും വഹിക്കാമെന്നാണ് അഫി പറഞ്ഞിരുന്നത്. എന്നാൽ, പ്രായമായ പിതൃ സഹോദരിമാർ വീട്ടിലുള്ളതിനാൽ വാഗ്ദാനം സുബൈർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ജനുവരി ഒന്നിന് സുബൈറിന്‍റെ വീട്ടിലെത്തിയ അഫി ആദ്യ ഘട്ട ചെലവിന് നാല് ലക്ഷം രൂപ കൈമാറിയിരുന്നു.
അഫി അഹ്മദ്
വീടിന്‍റെ മുകൾ ഭാഗം ഫുട്ബാളിന്റെ രൂപമാണ്. എൻജിനിയർ സഫീറിന്‍റെ ജേംസ്റ്റോൺ എന്ന കമ്പനിയാണ് രൂപകൽപ്പനയും നിർമാണവും. പഞ്ചായത്തംഗം എം.കെ.സി. നൗഷാദ്, എം.പി. അബ്ദുൽ അലി എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപവത്കരിച്ച് ഈ മാസം 19ന് നടക്കുന്ന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

