തോൽവിയിൽ നിരാശരായി അർജന്റീന ഫാൻസ്
text_fieldsദുബൈ: സൗദിക്ക് മുന്നിൽ അർജന്റീന ഇടറിവീണപ്പോൾ നിരാശരായി പ്രവാസികളും. സഹമുറിയൻമാരുടെ ഫാൻ ഫൈറ്റുകൾക്ക് മുന്നിൽ പുതിയ 'കാപ്സ്യൂളുകൾ' ഇറക്കിയാണ് അർജന്റീനൻ ഫാൻസ് പിടിച്ചുനിന്നത്.
അവധിദിനമല്ലാത്തതിനാൽ ഭൂരിപക്ഷം പ്രവാസികളും ജോലിസ്ഥലത്തായിരുന്നു കളി കണ്ടത്. ഇഷ്ടടീമിന്റെ ആദ്യമത്സരം കാണാൻ ഡ്യൂട്ടിയിൽ ക്രമീകരണം നടത്തിയവരും കുറവല്ല. അടുത്തമത്സരങ്ങളിൽ ബ്രസീൽ തോൽക്കുന്നതും അർജന്റീന ജയിക്കുന്നതും സ്വപ്നംകണ്ട് കഴിയുകയാണിവർ. നാട്ടിലേതിന് സമാനമായി പ്രവാസിമുറികളിലും കൂടുതൽ ഫാൻസുള്ളത് ബ്രസീലിനും അർജന്റീനക്കും തന്നെയാണ്. കട്ടൗട്ട് വെച്ചില്ലെങ്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലും മുറികളിലും ജോലിസ്ഥലങ്ങളിലും ഫാൻ ഫൈറ്റ് സജീവമാണ്.
അർജന്റീനയുടെ ജഴ്സിയണിഞ്ഞാണ് പലരും മത്സരം കാണാൻ ടി.വിക്ക് മുന്നിൽ ഇരുന്നത്. ആദ്യഗോൾ വീണപ്പോഴും ഓഫ് സൈഡ് ഗോളുകൾ പിറന്നപ്പോഴും അഴിഞ്ഞാടിയ ഫാൻസ് രണ്ടാം പകുതിയിൽ നിരാശരായി. മിനിറ്റുകൾക്കുള്ളിൽ സൗദിയുടെ ഇരട്ടപ്രഹരം വന്നിട്ടും പ്രതീക്ഷയോടെ കാത്തിരുന്നു.
പെനാൽറ്റി ബോക്സിനുള്ളിലെ ഓരോ ആക്രമണവും ഫലമില്ലാതായതോടെ തലയിൽ കൈവെച്ച് നിരാശരായി. ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കൻഡ് വരെ സമനിലയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, പ്രതിരോധക്കോട്ട കെട്ടി സൗദി അർജന്റീനയെ അകറ്റിനിർത്തി.
'ജയിച്ചത് സൗദിയല്ലേ, അന്നം തരുന്ന നാടല്ലേ, അയൽരാജ്യമല്ലേ' തുടങ്ങിയ നമ്പറുകളിട്ടാണ് അർജന്റീന ഫാൻസ് പിടിച്ചുനിന്നത്. കഴിഞ്ഞ ലോകകപ്പിൽ ആദ്യമത്സരങ്ങളിൽ തോൽവിയും സമനിലയും പിണഞ്ഞിട്ടും തിരിച്ചുവന്ന അർജന്റീനയെയും ചിലർ ഉയർത്തിക്കാണിച്ചു. മെക്സിക്കോയെയും പോളണ്ടിനെയും തോൽപിച്ച് അർജന്റീന രണ്ടാം റൗണ്ടിലേക്ക് ചുവടുവെക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
അർഹിച്ച വിജയം; സൗദിക്ക് അഭിനന്ദനവുമായി ശൈഖ് മുഹമ്മദ്
ദുബൈ: ലോകകപ്പിൽ അർജന്റീനയെ വീഴ്ത്തിയ സൗദി അറേബ്യൻ ഫുട്ബാൾ ടീമിന് അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ. ഇത് അർഹിച്ച ജയമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. മികച്ച പോരാട്ടമായിരുന്നു. അറബ് ലോകത്തിന് സന്തോഷം പകരുന്ന ജയം. ഞങ്ങളെ സന്തുഷ്ടരാക്കിയ സൗദി ടീമിന് അഭിനന്ദനങ്ങളറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ടീമിന്റെ വിജയാഹ്ലാദത്തിന്റെയും ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസിന്റെയും ചിത്രങ്ങൾ പങ്കുവെച്ചാണ് ട്വീറ്റ്.
സൗദി ടീമിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

