കൽബയിലെ വെള്ളക്കെട്ട് നീക്കംചെയ്യൽ ഊർജിതം
text_fieldsകൽബ നഗരത്തിൽനിന്ന് വെള്ളം നീക്കംചെയ്യുന്ന ടാങ്കർ ലോറികൾ
ഷാർജ: കനത്ത മഴയിൽ വെള്ളം നിറഞ്ഞ കൽബ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് നീക്കംചെയ്യുന്ന പ്രവർത്തനം ഊർജിതം. നൂറിലേറെ ടാങ്കർ ലോറികളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളം പമ്പുചെയ്ത് ശേഖരിച്ച് കടലിലേക്കും മറ്റും കളയുന്നത്. കൽബ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങളും ശുചീകരണവും പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പ്രവർത്തനങ്ങൾവഴി വിവിധ ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനിടെ വിവിധ സ്ഥലങ്ങളിൽ വീടുകളിലും താമസസ്ഥലങ്ങളിലും വെള്ളം കയറിയത് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽക്കണ്ട് താമസയിടങ്ങളിൽനിന്ന് മാറിയവർ വ്യാഴാഴ്ച തിരിച്ചെത്തിത്തുടങ്ങി.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഭിച്ചത്. ഷാർജ എമിറേറ്റിന്റെ ഭാഗമായ കൽബ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫുക്കാൻ എന്നിവിടങ്ങളിലും ഫുജൈറയുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു. ഷാർജയുടെ കിഴക്കൻ മേഖലയിൽ 61 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. കൽബ സിറ്റിയിലാണ് 56 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ദിബ്ബ അൽ ഹിസ്നിൽ മൂന്നു കുടുംബങ്ങളെയും ഖോർഫക്കാനിൽ രണ്ട് കുടുംബങ്ങളെയും ഹോട്ടലുകളിലേക്ക് മാറ്റി.
സർക്കാറിന്റെ സാങ്കേതിക വിഭാഗം വെള്ളം ഉയർന്നപ്രദേശങ്ങൾ സന്ദർശിക്കുകയും വീടുകളുടെ നാശനഷ്ടം വിലയിരുത്തുകയും ചെയ്തിരുന്നു. താമസത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിലുള്ളവർക്ക് സ്ഥിരസംവിധാനം നിർമിക്കുന്നതുവരെ അധികൃതർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

