നേട്ടംകൊയ്ത് ‘അരാദ’; ആറുമാസത്തിൽ 186 ശതമാനം വളർച്ച
text_fieldsഷാർജ: ഈ വർഷം ആദ്യപകുതിയിൽ വൻ നേട്ടംകൊയ്ത് യു.എ.ഇയിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയായ ‘അരാദ’. റെക്കോഡ് വിൽപനയാണ് ജൂൺവരെയുള്ള ആറുമാസക്കാലയളവിൽ നടന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. ഷാർജയിലെയും ദുബൈയിലെയും കമ്പനിയുടെ ലൈഫ് സ്റ്റൈൽ കമ്യൂണിറ്റികൾക്ക് ആവശ്യക്കാർ വലിയ രീതിയിലാണ് വർധിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപനയിൽ 186 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതിൽ 426 കോടി ദിർഹമിന്റെ മൂല്യമുള്ള പോപ്പർട്ടിയുടെ വിൽപന നടന്നത്.
ആകെ 1616 വീടുകളാണ് 2023ലെ ആദ്യ പകുതിയിൽ വിറ്റുപോയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള കമ്യൂണിറ്റികൾ രൂപപ്പെടുത്തി നിക്ഷേപത്തിന് മികച്ച അവസരം നൽകിയ കമ്പനിയുടെ നിലവിലെ നേട്ടത്തിൽ വലിയ അഭിമാനമുണ്ടെന്ന് ‘അരാദ’ വൈസ് ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ അൽ വലീദ് ബിൻ തലാൽ പറഞ്ഞു.
ഫ്രീ ഹോൾഡ് അടിസ്ഥാനത്തിൽ ഏത് രാജ്യക്കാർക്കും എമിറേറ്റിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കാമെന്ന ഷാർജ സർക്കാറിന്റെ തീരുമാനം വിൽപനയിൽ കാര്യമായ വർധനവിന് കാരണമായിട്ടുണ്ട്. ഇത് എമിറേറ്റിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപവും കൂടുതലായി ആകർഷിച്ചു. ദുബൈയിലെ പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തിലും വളരെ സന്തുഷ്ടരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജയിലെ സുയൂഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൻകിട പദ്ധതിയായ ‘മസാർ’ ആണ് വിൽപനയിൽ ഏറ്റവും മികച്ച പ്രതികരണം സൃഷ്ടിച്ചത്. ഇവിടെ 234 കോടി ദിർഹം മൂല്യമുള്ള 813 വീടുകളാണ് വിറ്റുപോയത്.
ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 200 ശതമാനത്തിന്റെ വളർച്ചയാണ്. അരാദയുടെ ദുബൈയിലെ ആദ്യ പദ്ധതിയായ ജുമൈറ ഗോൾഫ് എസ്റ്റേറിലെ ജൂറി ഹിൽസ് പദ്ധതിയിലെ 169 ആഡംബര വില്ലകളാണ് ഈ കാലയളവിൽ വിറ്റുപോയത്. 2017ൽ ആരംഭിച്ചശേഷം കമ്പനി 13,000ത്തിലേറെ വീടുകൾ വിറ്റിട്ടുണ്ട്. ഇതിന്റെ ആകെ മൂല്യം 1340 കോടി ദിർഹം വരും. നിലവിൽ 74,000 വീടുകൾ പൂർത്തിയാക്കുകയും 4000 എണ്ണം നിർമാണത്തിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

