അബൂദബിയിൽ നഴ്സറി, കെ.ജി തലത്തിൽ അറബി പഠനം
text_fieldsഅബൂദബി: സ്വകാര്യ നഴ്സറി, കെ.ജി ക്ലാസുകളിൽ ആഴ്ചയിൽ നാലു മണിക്കൂർ അറബി പഠനത്തിനായി മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം. നഴ്സറി (പ്രീ കെ.ജി) മുതല്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ (ഒന്നാം വര്‍ഷം)വരെയുള്ള കുട്ടികള്‍ക്കാണ് പുതിയ നയം ബാധകമാക്കിയിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയിൽ ശക്തമായ അടിത്തറയുണ്ടാക്കുക, സാംസ്കാരിക-ഭാഷാ വൈദഗ്ധ്യം വളർത്തുകയെന്നതാണ് നയത്തിന്റെ ലക്ഷ്യം.
ഈ വർഷം ആഴ്ചയിൽ 240 മിനിറ്റാണ് അറബിക്കായി നീക്കിവെക്കേണ്ടത്. 2026-27 അക്കാദമിക വർഷത്തിൽ ഇത് അഞ്ച് മണിക്കൂറാക്കി വർധിപ്പിക്കും. പാട്ടുകൾ, കഥകൾ തുടങ്ങിയവ ഉപയോഗിച്ചാകും പഠനം. ഇന്ററാക്ടീവ് ക്ലാസ് മുറികളിൽ നവീന പഠനോപകരണങ്ങളും ലഭ്യമാക്കും. പാഠ്യപദ്ധതിയിൽ അറബിയെ ഉൾക്കൊള്ളിക്കുക മാത്രമല്ല വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് ഏർളി എജുക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മർയം അൽ ഹല്ലാമി പറഞ്ഞു.
അബൂദബിയിലെ ഓരോ കുട്ടിക്കും ഭാഷയുടെയും സ്വത്വത്തിന്റെയും അറിവുകൾ പഠനത്തിന്റെ ആദ്യദിനം മുതൽ തന്നെ നൽകുകയാണ്. എല്ലാ ക്ലാസ് മുറിയിലും, എല്ലാ വീടിലും അറബി സ്വാഭാവികമായ മാധ്യമമായി മാറണം- അവർ കൂട്ടിച്ചേർത്തു. 2025-2026 അക്കാദമിക് വര്‍ഷം തുടക്കംമുതല്‍ നയം നടപ്പാക്കണമെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് വ്യക്തമാക്കി. അറബി സംസാര ഭാഷയായ കുട്ടികളോ അറബി ഭാഷ ആദ്യമായി പഠിക്കുന്ന കുട്ടികളോ ആണെങ്കിലും പഠിച്ചുതുടങ്ങുന്ന ഏറ്റവും നിര്‍ണായക സമയത്ത് നിലവാരമുള്ള അറബി ഭാഷാപഠനം സാധ്യമാക്കുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. അറബി സംസാരിക്കുന്ന കുട്ടികള്‍ക്കും അറബിക് അറിയാത്ത കുട്ടികള്‍ക്കുമായി രണ്ട് രീതിയിലാണ് പഠനം നല്‍കുക. കളി, കഥ പറച്ചില്, പാട്ടുകള്‍ തുടങ്ങിയ രീതികളിലൂടെയായിരിക്കും കുട്ടികള്‍ക്ക് അറബിക് ഭാഷാ പഠനം സാധ്യമാക്കുക. നിരവധി കുട്ടികള്‍ക്ക് ഇപ്പോഴും അറബി ഭാഷ ഉപയോഗിക്കുന്നതില്‍ ആത്മവിശ്വാസമില്ലെന്ന് അടുത്തിടെ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് അഡെക് പറയുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.