Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറേബ്യൻ ട്രാവൽ മാർക്കറ്റിന്​ തുടക്കം

text_fields
bookmark_border
മേള സെപ്​റ്റംബർ 17 വരെ
അറേബ്യൻ ട്രാവൽ മാർക്കറ്റിന്​ തുടക്കം
cancel

ദുബൈ: ഈവർഷത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം 2026) ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ തുടക്കമായി. സെപ്റ്റംബർ 17 വരെ നീളുന്ന, ആഗോള സഞ്ചാര-ടൂറിസം മേഖലയിലെ പ്രമുഖ മേളയിൽ ലോകമെമ്പാടുമുള്ള 55,000-ത്തിലധികം വ്യവസായ വിദഗ്ധരും പ്രൊഫഷനലുകളും പങ്കാളികളാകും. ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ അതികായരായ എയർലൈനുകൾ, ഹോട്ടലുകൾ, ടെക്നോളജി കമ്പനികൾ, ടൂർ ഓപറേറ്റർമാർ എന്നിവരെ ഒരുമിപ്പിക്കുന്ന ഈ മേളയിൽ നിർമിത ബുദ്ധി (എ.ഐ), സ്മാർട്ട് യാത്രാ സംവിധാനങ്ങൾ, സുസ്ഥിരത, ഭാവി സാങ്കേതികവിദ്യകൾ എന്നിവക്കാണ് പ്രാധാന്യം നൽകുന്നത്.

ഇത്തവണ മേളയിൽ ഇന്ത്യാ ടൂറിസം പങ്കെടുക്കുന്നില്ല. എന്നാൽ, കേരളം ആഗോള മേളയിലെ സജീവ സാന്നിധ്യമാണ്. രാജ്യം ഔദ്യോഗികമായി അംഗീകരിച്ച കേരളം എന്ന പുതിയ പേരുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ തിളങ്ങുന്നത്. തുടരുന്ന ഗൾഫ് സംഘർഷം ഇന്ത്യാ ടൂറിസം മേളയിൽ പങ്കെടുക്കാത്തതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നുണ്ട്. അടുത്തയാഴ്ച നടക്കുന്ന കേരള ട്രാവൽമാർട്ടിലേക്ക് യു.എ.ഇയിൽ നിന്ന് സംരംഭകരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കേരളത്തിന്‍റെ ശക്തമായ സാന്നിധ്യം.

എ.ടി.എം സന്ദർശിച്ച്​ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ്

അറേബ്യൻ ട്രാവൽ മാർക്കറ്റ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ്​ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രദർശന നഗരി ചുറ്റിക്കണ്ട ശൈഖ്​ മുഹമ്മദിന്, ആഗോള ടൂറിസം രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ദുബൈ ഡിപാർട്​മെന്‍റ്​ ഓഫ് ഇക്കോണമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽമർറി വിശദീകരിച്ചു നൽകി.

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്ത ദൈുബൈ ഭരണാധികാരി, ആഗോള വിനോദസഞ്ചാര മേഖലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിലും പുതിയ പങ്കാളിത്തങ്ങളും സഹകരണങ്ങളും കെട്ടിപ്പടുക്കുന്നതിലും ഈ മേള വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

അടുത്ത മാസങ്ങളിൽ യു.എ.ഇയുടെ ടൂറിസം മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് സാമ്പത്തിക , ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി പറഞ്ഞു. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ സെപ്റ്റംബർ 17 വരെ നടക്കുന്ന ആഗോള ട്രാവൽ-ടൂറിസം സംരംഭമായ 'അറേബ്യൻ ട്രാവൽ മാർക്കറ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ജി.സി.സി രാജ്യങ്ങൾ സംയുക്തമായി സാങ്കേതിക മേഖലയിലെ വളർച്ച വേഗത്തിലാക്കി. ജി.സി.സി മേഖലയിൽ സംയുക്തമായി നടപ്പിലാക്കിയ ഇത്തരം കാര്യങ്ങൾ ഇന്ന് ലോകം ചർച്ച ചെയ്യുന്ന ബിസിനസ് മാതൃകകളായി മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 50 വർഷം കൊണ്ട് കെട്ടിപ്പടുത്ത ശക്തമായ ടൂറിസം അടിത്തറയാണ് പ്രതിസന്ധിഘട്ടങ്ങളിലും രാജ്യത്തെ മുന്നോട്ട് നയിച്ചത്’ -അദ്ദേഹം പറഞ്ഞു.

7.5 കോടി സഞ്ചാരികൾ; ജി.സി.സി ടൂറിസം വരുമാനം 254 ബില്യൺ ഡോളർ

2025ൽ ജി.സി.സി രാജ്യങ്ങളിലേക്ക് 7.5 കോടി വിനോദസഞ്ചാരികളെത്തിയതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. മുൻവർഷത്തേക്കാൾ 4.3 ശതമാനം വളർച്ചയാണിത്. ഇതിൽ രണ്ടുകോടി പേരും ജി.സി.സി രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്തവരാണ്.

സെപ്റ്റംബർ ആദ്യം ദുബൈയിൽ നടന്ന 'എ.ഐ.എം കോൺഗ്രസിൽ' സംസാരിക്കവെ, 2025ൽ ജി.സി.സി സമ്പദ്‌വ്യവസ്ഥയിലേക്ക് ടൂറിസം വഴി മാത്രം 254 ബില്യൺ ഡോളർ ലഭിച്ചതായി അൽ ബുദൈവി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഈ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജി.ഡി.പി) 11.4 ശതമാനം വരും.

കർണാടകയുടെ സ്റ്റാളും

ദുബൈ: ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കർണാടക വിനോദസഞ്ചാര വകുപ്പിന്‍റെ സ്റ്റാൾ സംസ്ഥാന ഊർജ്ജ-വിനോദസഞ്ചാര വകുപ്പ് മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. ഈ സ്റ്റാളിലൂടെ കർണാടകയുടെ സമ്പന്നമായ പൈതൃകം, വൈവിധ്യമാർന്ന ഭൂപ്രകൃതി, സാംസ്കാരിക പാരമ്പര്യം, സവിശേഷമായ വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവ ആഗോള യാത്രാ-വിനോദസഞ്ചാര മേഖലക്ക്​ മുന്നിൽ പ്രദർശിപ്പിക്കുന്നു. ആഗോളതലത്തിൽ വിനോദസഞ്ചാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും യു.എ.ഇ അടക്കമുള്ള അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്​തിപ്പെടുത്തുകയാണ്​ എ.ടി.എമ്മിലെ കർണാടകയുടെ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arabian Travel Market Begins.
Next Story