അറേബ്യൻ ഗൾഫ് കപ്പ് ജയം; ആഹ്ലാദത്തിൽ ഇറാഖി പ്രവാസികൾ
text_fieldsഅറേബ്യൻ ഗൾഫ് കപ്പ് ജയത്തിൽ ദുബൈയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഇറാഖികൾ
-ദ നാഷനൽ
ദുബൈ: അറബ് ഗൾഫ് കപ്പിൽ രാജ്യത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദുബൈയിൽ താമസക്കാരായ ഇറാഖി പ്രവാസികളും. ദുബൈയിലെ വിവിധ സ്ഥലങ്ങളിൽ ഫൈനൽ മത്സരം കാണാനായി ഒരുമിച്ചുകൂടിയ ഇറാഖികൾ മധുരം വിതരണം ചെയ്തും പതാക വീശിയും പാട്ടുപാടിയുമാണ് വിജയത്തെ സ്വീകരിച്ചത്. മത്സരത്തിൽ കിരീടം നേടാൻ കഴിഞ്ഞതിനേക്കാൾ അറബ് ഗൾഫ് കപ്പ് മത്സരങ്ങൾ വിജയകരമായി നടത്താൻ കഴിഞ്ഞതാണ് യഥാർഥ നേട്ടമെന്ന് പലരും അഭിപ്രായപ്പെട്ടു. ഇറാഖിനെ കുറിച്ച ലോകത്തിന്റെ മുൻധാരണകൾ ഒരു പരിധിവരെ തിരുത്താനും മത്സരത്തിന് ആതിഥ്യം വഹിച്ചതിലൂടെ സാധിച്ചെന്നും ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ അടുക്കാൻ നിമിത്തമായെന്നും പലരും അഭിപ്രായപ്പെട്ടു. അതിനിടെ, കിരീട നേട്ടത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇറാഖിന് അഭിനന്ദനമറിയിച്ചു.നീണ്ട കാത്തിരിപ്പിനും ക്ഷമക്കും ശേഷം ഇറാഖിനിന്ന് ആഹ്ലാദം നിറഞ്ഞുവെന്നും അതോടൊപ്പം എല്ലാ ഹൃദയങ്ങളും സന്തോഷിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇറാഖിലെ ഞങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ. ഒപ്പം ബസ്റയിലെ ജനങ്ങൾക്കും ഇറാഖിലെ ജനങ്ങൾക്കും അറബ് ഗൾഫ് കപ്പ് നന്നായി സംഘടിപ്പിച്ചതിനും ആതിഥ്യമരുളിയതിനും നന്ദി -അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബസ്റ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഒമാനെ 3-2ന് തകർത്താണ് ഇറാഖ് കിരീടമണിഞ്ഞത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ് അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മനാഫ് യൂസുഫിന്റെ ഗോളിലൂടെയാണ് ആതിഥേയർ വിജയമുറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

