അറബ് റീഡിങ് ചലഞ്ച് 2026: ജേത്രിയായി മയാർ
text_fieldsഅറബ് റീഡിങ് ചലഞ്ച് ജേത്രിയായ മയാർ അൽ ശൊർബാഗിക്ക് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പുരസ്കാരം സമ്മാനിക്കുന്നു
ദുബൈ: ദുബൈ നടന്ന അറബ് റീഡിങ് ചലഞ്ച് 2026ന്‍റെ ഫൈനലിൽ ഈജിപ്തിൽ നിന്നുള്ള മയാർ അൽ ശൊർബാഗി ചാമ്പ്യനായി. മറ്റ് അഞ്ച് മത്സരാർഥികളെ മറികടന്നാണ് 11കാരിയായ മയറിന്‍റെ മിന്നുംനേട്ടം. ഫലസ്തീൻ വിദ്യാർഥിനി ഗസൽ തായെം രണ്ടാം സ്ഥാനവും സൗദി അറേബ്യൻ വിദ്യാർഥി റയാൻ അൽ-സുകാരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
തത്സമയ പ്രേക്ഷകർക്ക് മുന്നിൽ നടന്ന അന്തിമ വിലയിരുത്തൽ റൗണ്ടിലാണ് വിജയികളെ പ്രഖ്യാപിച്ചത്. അവസാന റൗണ്ടിലെത്തിയ ആറ് മത്സരപങ്കാളികൾക്കും ഒരു മിനിറ്റിൽ നേരിട്ടുള്ള ചോദ്യത്തിന് മറുപടി നൽകാൻ അവസരം ലഭിച്ചു. തുടർന്ന് പ്രേക്ഷകർ കൂടെ പങ്കാളികളായ വോട്ടെടുപ്പിലൂടെയാണ് ചാമ്പ്യനെ തിരഞ്ഞെടുത്തത്.
1,76,16,289 മത്സരാർഥികൾക്കിടയിൽനിന്ന് പൊരുതിക്കയറിയാണ് മയാർ അൽ ശൊർബാഗി ഒന്നാം സ്ഥാനത്തെത്തിയത്. ഈജിപ്തിനെ പ്രതിനിധീകരിച്ച ഈ മിടുക്കി 60 പുസ്തകങ്ങൾ വായിച്ചാണ് മത്സരത്തിനെത്തിയത്. ‘ഒന്നാം സ്ഥാനം എന്നത് ഒരു മത്സരം മാത്രമല്ല. അസാധ്യമായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യന്‍റെ മനസ്സാണത്’ എന്ന് അന്തിമ റൗണ്ടിലെ ചോദ്യത്തിന് മയാർ മറുപടി നൽകി. വായന തന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്താനും ചിന്താശേഷി വളർത്താനും സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
243 പുസ്തകങ്ങൾ വായിച്ച് ഫലസ്തീനെ പ്രതിനിധീകരിച്ച 16കാരി ഗസൽ തായെം രണ്ടാം സ്ഥാനവും 260 പുസ്തകങ്ങൾ വായിച്ച് സൗദി അറേബ്യയിൽനിന്ന് യോഗ്യത നേടിയ 11കാരൻ റയാൻ അൽ-സുകാരി മൂന്നാം സ്ഥാനവും നേടി. പുതിയ തലമുറയിൽ വായനാശീലവും അറബി ഭാഷാപ്രേമവും വളർത്തുന്നതിനായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആരംഭിച്ചതാണ് അറബ് റീഡിങ് ചലഞ്ച്.

