മുൻ കാമുകിയുടെ കൊലപാതകം; അറബ് യുവാവിന്‍റെ വധശിക്ഷ ശരിവെച്ചു കോടതി
text_fieldsദുബൈ: മുൻ കാമുകിയായ യൂറോപ്യൻ വംശജയെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിന്‍റെ വധശിക്ഷ ശരിവെച്ച് ദുബൈ അപ്പീൽ കോടതി. മനപ്പൂർവം മുൻകൂട്ടി തീരുമാനിച്ച് നടപ്പിലാക്കിയ കൊലപാതകമാണെന്ന് വിലയിരുത്തിയാണ് വധശിക്ഷ ശരിവെച്ചിരിക്കുന്നത്. 2020 ജൂലൈ 16ന് ദുബൈയിലെ ഒരു താമസ കെട്ടിടത്തിന്‍റെ ഗോവണിയിൽ വെച്ചാണ് കൊലപാതകം നടന്നത്. 24കാരിയായ യുവതിലെ അപാർട്മെന്റിന് സമീപം കാത്തിരുന്നാണ് പ്രതി കൊലപ്പെടുത്തിയത്. നേരത്തെ തന്നെ കത്തിയും മറ്റു ഉപകരണങ്ങളും കൊപാതകം ലക്ഷ്യംവെച്ച് പ്രതി തയ്യാറാക്കിയിരുന്നു. അപാർട്മെന്റിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഗോവണിയിലേക്ക് വലിച്ചിഴച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു.
കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ പ്രശ്നം നടക്കുന്നതായി താമസക്കാരിലൊരാൾ അറിയിച്ചുവെന്ന് സാക്ഷിയായ സുരക്ഷാ ജീവനക്കാരൻ മൊഴിനൽകി. അവിടെ എത്തിയപ്പോൾ കോണിപ്പടികളിൽ രക്തം കണ്ടുവെന്നും തുടർന്ന് പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ച് യുവതി കിടക്കുന്നതായാണ് കണ്ടതെന്നും ഇയാൾ മൊഴിയിൽ പറഞ്ഞു. സുരക്ഷാ ജീവനക്കാരൻ അടിയന്തര സംവിധാനങ്ങളെ അറിയിച്ചെങ്കിലും സംഭവ സ്ഥലത്ത് തന്നെ യുവതി മരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഉപയോഗിച്ച് അതിവേഗത്തിൽ ദുബൈ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി സുഹൃത്തിന്‍റെ താമസ സ്ഥലത്തുനിന്ന് വസ്ത്രം മാറി മറ്റൊരു എമിറേറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഒരു ഷോപ്പിങ് കേന്ദ്രത്തിന് സമീപത്തുവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ യുവതിയുമായി 2017മുതൽ പ്രതിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് സ്ത്രീ മറ്റൊരാളുമായി ബന്ധത്തിലായതാണ് തർക്കത്തിന് ഇടയായതെന്നും കണ്ടെത്തി. വിചാരണ കോടതികളുടെ കണ്ടെത്തലുകളെ ശരിവെച്ചാണ് അപ്പീൽ കോടതി വിധി പറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

