അറബ് ഹോപ് മേക്കേഴ്സ്; അഹ്മദ് സെയ്നൂന് പുരസ്കാരം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മൊറോക്കോയിൽ നിന്നുള്ള അഹ്മദ് സെയ്നൂന് 2025ലെ അറബ് ഹോപ് മേക്കേഴ്സ് പുരസ്കാരം സമ്മാനിക്കുന്നു
ദുബൈ: മാനുഷിക പ്രവർത്തനങ്ങളിലൂടെ അറബ് ലോകത്ത് ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ‘അറബ് ഹോപ് മേേക്കഴ്സ്’ പുരസ്കാരങ്ങൾ സമ്മാനിച്ചു. മൊറോക്കോയിൽ നിന്നുള്ള അഹ്മദ് സെയ്നൂനാണ് 2025ലെ അറബ് ഹോപ് മേക്കർ ആയി കിരീടം ചൂടിയത്. സൂര്യപ്രകാശം ഏൽക്കുമ്പോൾ അർബുദം വരാൻ കാരണമാകുന്ന അപൂർവ രോഗത്താൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. രോഗത്തെ നേരിടാനാവശ്യമായ മുഴുവൻ മാസ്കുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും നൽകി കുട്ടികളെ സഹായിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം.
10 ലക്ഷം ദിർഹത്തിന്റെ അവാർഡ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച ദുബൈ കൊക്കകോള അരീനയിലാണ് പ്രൗഢമായ ചടങ്ങ് അരങ്ങേറിയത്. അഹ്മദ് സെയ്നൂനൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മൊറോക്കയിലെ ഖദീജ അൽ കർത, ഈജിപ്തുകാരിയായ സമർ നദീം എന്നിവർക്കും മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നതിന് 10 ലക്ഷം ദിർഹം അനുവദിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവരായ വ്യക്തികളെ അംഗീകരിക്കുന്നതിനായി സമർപ്പിച്ച മേഖലയിലെ ഏറ്റവും വലിയ സംരംഭമാണ് അറബ് ഹോപ് മേക്കേഴ്സ് പുരസ്കാരം. അവാർഡിന്റെ അഞ്ചാമത്തെ പതിപ്പാണ് ഇത്തവണ അരങ്ങേറിയത്. യുവാക്കളും യുവതികളുമടക്കം 26,000 ത്തിലധികം നോമിനേഷനുകൾ ഇത്തവണ അവാർഡിന് ലഭിച്ചിരുന്നു. വിദഗ്ധരും പ്രഗല്ഭരും അടങ്ങുന്ന ജഡ്ജിങ് പാനൽ, നാമനിർദേശം ചെയ്യപ്പെട്ടവരുടെ സംരംഭങ്ങൾ സമൂഹങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

