അറബ് ഹെൽത്ത്:വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം അത്യാധുനിക സംവിധാനം കാണാം
text_fieldsഅറബ് ഹെൽത്തിൽ അവതരിപ്പിച്ച വെള്ളത്തിലെ
രക്ഷാപ്രവർത്തനത്തിന്റെ അത്യാധുനിക മാതൃക
ദുബൈ: വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം പരിശീലിപ്പിക്കുന്നതിന് സാധാരണയായി ഡമ്മി രൂപങ്ങളെയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ അത്യാധുനിക മാതൃക അവതരിപ്പിച്ചിരിക്കുകയാണ് അറബ് ഹെൽത്തിൽ. സാധാരണ ഡമ്മികളിൽനിന്ന് വ്യത്യസ്തമായി മനുഷ്യന്റെ അതേ രൂപവും ഭാരവും ചലനവുമെല്ലാം പുതിയ മാതൃകയിൽ കാണാൻ സാധിക്കും. വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെയോ മുങ്ങിമരിച്ചവരെയോ കരക്കെത്തിക്കുന്നതിനാണ് അഡ്വാൻസ്ഡ് വാട്ടർ റെസ്ക്യൂ മണികിൻ രൂപകൽപന ചെയ്തിരിക്കുന്നത്. രക്ഷാപ്രവർത്തകരെ ഇതിനായി സജ്ജമാക്കുകയാണ് ലക്ഷ്യം. 2021ലാണ് ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു മാതൃക പുറത്തിറക്കിയത്. മിഡിലീസ്റ്റിലേക്ക് ആദ്യമായാണ് ഈ ഡമ്മി രൂപം എത്തുന്നത്. യൂറോപ്പിൽനിന്നുള്ള റുത് ലീ കമ്പനിയാണ് ഇവനുപിന്നിൽ. 75,000 ഡോളറാണ് വില.
അബോധാവസ്ഥയിലായ ഒരാളെപ്പോലെ വെള്ളത്തിലൊഴുകുന്ന ഈ ഡമ്മിയെ രക്ഷപ്പെടുത്തുക എന്നതായിരിക്കും പരിശീലകരുടെ മുഖ്യലക്ഷ്യം. വെള്ളത്തിനടിയിൽ അർധബോധാവസ്ഥയിൽ കഴിയുന്ന ഒരാളുടെ ചലനങ്ങൾ ഈ ഡമ്മി അനുകരിക്കും. വായിൽനിന്ന് നുരയും പതയും പോലും പുറത്തുവരും. മരണലക്ഷണങ്ങളും കാണിക്കും. ചലനമറ്റ അവസ്ഥയിലും ഇതിനെ കണ്ടെത്താനും കരക്കെത്തിക്കാനും പരിശീലകർക്ക് കഴിയും. രക്ഷാപ്രവർത്തനം മാത്രമല്ല, പ്രാഥമിക ചികിത്സ, ആശുപത്രിയിൽ എത്തിക്കൽ, തുടർപരിചരണം തുടങ്ങിയ നടപടിക്രമങ്ങളെല്ലാം ഇതിന്റെ ഭാഗമായി പരിശീലിക്കാൻ കഴിയും. രണ്ടുവർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഇത് വികസിപ്പിച്ചെടുത്തത്. നോർത്ത് വെയിൽസ് കേന്ദ്രീകരിച്ചായിരുന്നു നിർമാണം.
വെയിൽസിലെ പ്രത്യേക രക്ഷാസേനയുടെ നിർദേശപ്രകാരമാണ് വികസിപ്പിച്ചെടുത്തത്. നിരവധി പേരുടെ ജീവൻ രക്ഷിക്കാനും രക്ഷാപ്രവർത്തകർ അപകടത്തിൽപെടാതിരിക്കാനും ഈ സംവിധാനം ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 2.36 ലക്ഷം പേർ മുങ്ങിമരിക്കുന്നുണ്ട്. നാലുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം വർധിക്കുന്നത് ആശങ്കജനകമായ കണക്കാണ്. ഇതിന് പരിഹാരമായാണ് മിഡിലീസ്റ്റിലും പുതിയ സംവിധാനം അവതരിപ്പിച്ചത്. അറബ് ഹെൽത്തിൽ രണ്ടാം നമ്പർ ഹാളിലാണ് ഡമ്മിയുടെ പ്രദർശനം. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്ത് വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

