വാതിലുകൾ തുറന്ന് അറബ് ഹെൽത്ത്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ് ഹംദാനും അറബ് ഹെൽത്ത് ആരോഗ്യമേള സന്ദർശിക്കുന്നു
ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ മേളയായ അറബ് ഹെൽത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ആദ്യ ദിവസം തന്നെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ മേള സന്ദർശിക്കാനെത്തി.
45 രാജ്യങ്ങളിലെ 51,000 ആരോഗ്യ മേഖല വിദഗ്ധർ പങ്കെടുക്കുന്ന മേള ഫെബ്രുവരി രണ്ടിന് സമാപിക്കും. നൂതനാശയങ്ങൾ, ഗവേഷണം, പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ആഗോള പ്ലാറ്റ്ഫോമാണ് അറബ് ഹെൽത്തെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ട്രേഡ്സെന്ററിലെത്തിയ അദ്ദേഹം വിവിധ പവലിയനുകളിൽ സന്ദർശനം നടത്തി. 3000 എക്സിബിറ്റർമാർ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ന്യൂസിലൻഡ്, സിംഗപ്പൂർ, തുനീഷ്യ, ഇന്തോനേഷ്യ, എസ്തോണിയ എന്നിവ ഇക്കുറി ആദ്യമായി അറബ് ഹെൽത്തിനെത്തിയിട്ടുണ്ട്.
യു.എ.ഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും ആസ്റ്റർ ഉൾപ്പെടെ ആരോഗ്യ കേന്ദ്രങ്ങളും പങ്കെടുക്കുന്നുണ്ട്. ഒമ്പത് കോൺഫറൻസുകളിലായി 300ലേറെ പ്രഭാഷകരും 3200 പ്രതിനിധികളും പങ്കെടുക്കും. ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, അനസ്തേഷ്യ, പെയിൻ മാനേജ്മെന്റ് എന്നിവയാണ് ഈ വർഷം കോൺഫറൻസുകളിൽ കൂട്ടിച്ചേർത്ത പുതിയ വിഭാഗങ്ങൾ. www.arabhealthonline.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് സൗജന്യമായി പങ്കെടുക്കാം.
അവയവദാനം; രക്ഷിച്ചത് 500 ജീവൻ
ദുബൈ: അവയവദാനം വഴി യു.എ.ഇയിൽ ഇതുവരെ രക്ഷിച്ചത് 500 ജീവനുകൾ. അറബ് ഹെൽത്തിന്റെ ആദ്യ ദിനം നടന്ന കോൺഫറൻസിൽ നാഷനൽ ട്രാൻസ്പ്ലാന്റേഷൻ ആൻഡ് ഓർഗൻ ഡെണേഷൻ കമ്മിറ്റി മേധാവി ഡോ. അലി അൽ ഒബയ്ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017ലാണ് യു.എ.ഇ അവയവദാനത്തിന് അനുമതി നൽകി നിയമം പാസാക്കിയത്.
ഈ കാലം മുതലുള്ള കണക്കാണിത്. മരണപ്പെട്ട ഒരാഴ്ച പ്രായമായ കുഞ്ഞ് മുതൽ 77 വയസ്സുള്ളവർ വരെ ദാതാക്കളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം 55 ദാതാക്കളിൽനിന്നായി 204 അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തി. വിവിധ രാജ്യങ്ങളിലുള്ളവർ അവയവം ദാനം ചെയ്തു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ‘ഹായത്ത്’ എന്ന പ്ലാറ്റ്ഫോമിൽ ബോധവത്കരണ കാമ്പയിൻ നടത്തുന്നുണ്ട്. 11,000 പേർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അലി അൽ ഒബയ്ദ് വ്യക്തമാക്കി. യു.എ.ഇയിലെ 69 ശതമാനം പേരും അവയവ ദാനത്തെ പിന്തുണക്കുന്നതായി സർവേയിൽ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

