ഗൾഫിൽ ആദ്യം; ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി
text_fieldsഇലക്ട്രിക് കാർഗോ വിമാന മോഡൽ
ദുബൈ: പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർഗോ വിമാനത്തിന് യു.എ.ഇ മന്ത്രിസഭ താൽക്കാലിക അനുമതി നൽകി. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ ഊർജോപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് അനുമതി നൽകിയിരിക്കുന്നത്. അബൂദബിയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ചരക്ക് ഗതാഗത മേഖലയുടെ ഭാവിയെയും അതിന്‍റെ പാരിസ്ഥിതിക ആഘാതങ്ങളെയും മാറ്റുന്നതിന് സംഭാവന നൽകിയേക്കാവുന്ന സുപ്രധാന നടപടിയാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
പുതിയ സംവിധാനം ചരക്ക് ഗതാഗത മേഖലയുടെ ചെലവ് കുറക്കുമെന്നും ശുദ്ധ ഊർജത്തിന്‍റെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത രീതികളിലേക്ക് കൂടുതലായി നീങ്ങുന്നുണ്ട്. ഇതിന് സമാനമായാണ് യു.എ.ഇയും നടപടി സ്വീകരിച്ചിട്ടുള്ളത്.
കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനം, ഊർജക്ഷമതയുള്ള വിമാനങ്ങൾ എന്നിവയിലേക്ക് വ്യോമയാന മേഖലയും മാറിവരുന്നുണ്ട്. യു.എസിലെയും യൂറോപ്പിലെയും പ്രധാന വിമാന നിർമാതാക്കൾ ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളും വികസിപ്പിക്കുന്നുണ്ട്.
2050ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കുക എന്ന യു.എ.ഇയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി വിമാനക്കമ്പനികളും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
അടുത്തിടെ, യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിന് 'എൻവയോൺമെന്‍റൽ എയർലൈൻ ഓഫ് ദ ഇയർ 2022' പുരസ്കാരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

