ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsദുബൈ: നഴ്സിങ് മികവിനുള്ള ലോകത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. 250,000 യു.എസ് ഡോളർ സമ്മാനത്തുകയുള്ളതാണ് അവാർഡ്. ആരോഗ്യ സംരക്ഷണ രംഗത്തെ അറിയപ്പെടാത്ത നായകരായ നഴ്സുമാരെ ആദരിക്കുന്ന പുരസ്കാര വേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്സ്. ലോകമെമ്പാടുമുള്ള രജിസ്ട്രേഡ് നഴ്സുമാർക്ക് അവാർഡിനായി അപേക്ഷ സമർപ്പിക്കാം.
തുടക്കം മുതൽ 200ലധികം രാജ്യങ്ങളിലെ ആയിരക്കണക്കിന് നഴ്സുമാർ അവാർഡിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽ നിന്നായി 100,000ത്തിലധികം നഴ്സുമാരിൽ നിന്നുള്ള രജിസ്ട്രേഷനാണ് ലഭിച്ചത്. മുൻ പതിപ്പിനേക്കാൾ കഴിഞ്ഞ വർഷം രജിസ്ട്രേഷനിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.
2026 എഡിഷൻ അപേക്ഷകൾ www.asterguardians.com വഴി വിവിധ ഭാഷകളിൽ 2025 നവംബർ 10 നകം സമർപ്പിക്കാം. വ്യത്യസ്ത ഘട്ടങ്ങളുള്ള മൂല്യനിർണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പി (ഇ.വൈ) ആയിരിക്കും.കൂടാതെ പ്രശസ്തരും അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധരുമായ ജൂറി മൂല്യനിർണയ ഘട്ടങ്ങളുടെ മേൽനോട്ടം വഹിക്കും. 2026 മേയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിലാണ് അന്തിമ ജേതാവിനെ പ്രഖ്യാപിക്കുക.
ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നവരെ ആദരിക്കുന്നതിനും ഈ മഹത്തായ തൊഴിലിന്റെ ഭാഗമാകാൻ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് വിഭാവനം ചെയ്യപ്പെട്ടതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.മനുഷ്യരാശിയിലുള്ള നമ്മുടെ വിശ്വാസം വീണ്ടെടുക്കുന്നതുമായ പ്രചോദനാത്മകമായ കഥകളാണ് ഓരോ വർഷവും ഈ പുരസ്കാര വേദിയിലൂടെ നാം കേൾക്കുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

