സുസ്ഥിരത പുരസ്കാരത്തിന് 30 വരെ അപേക്ഷിക്കാം
text_fieldsഅജ്മാന്‍ : പരിസ്ഥിതി നവീകരണത്തെ പിന്തുണയ്ക്കുന്നതിനും ഹരിത സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവയിൽ പ്രായോഗികമായ ശാസ്ത്ര ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ച ഹുമൈദ് ബിൻ റാഷിദ് ഇന്‍റർനാഷണൽ സുസ്ഥിരത അവാർഡിന്‍റെ മൂന്നാം പതിപ്പിന് അപേക്ഷ ക്ഷണിച്ചു. അജ്മാൻ വിഷൻ 2030ന്‍റെ ഭാഗമായി പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്.
പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, കുറഞ്ഞ പാരിസ്ഥിതിക ആഘാതം എന്നിവ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസന മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമകാലിക പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുള്ള നൂതന സംരംഭങ്ങളെയും പരിഹാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയാണ് ഹുമൈദ് ബിൻ റാഷിദ് ഇന്‍റർനാഷണൽ സുസ്ഥിരത അവാർഡെന്ന് വകുപ്പിലെ പൊതുജനാരോഗ്യ പരിസ്ഥിതി മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ ഖാലിദ് മോയിൻ അൽ ഹൊസനി പറഞ്ഞു. 2018 ൽ ആരംഭിച്ച അവാർഡിലൂടെ ഗവേഷണ ഗുണനിലവാരം, വിവിധ സംരംഭങ്ങൾ, ആശയങ്ങൾ എന്നിവയുടെ ശ്രദ്ധേയമായ ഫലങ്ങൾ നേടിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നാം പതിപ്പിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആണെന്ന് ഡോ. അൽ ഹൗസാനി കൂട്ടിച്ചേർത്തു. ആഗസ്റ്റിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഫൈനലിസ്റ്റുകളുടെ അവതരണങ്ങൾ നടക്കും. വിജയികളെ ഒക്ടോബറിൽ അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ദ്ധരുടെയും ഗവേഷകരുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യും.
പരിസ്ഥിതി, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന പ്രായോഗിക പദ്ധതികളാക്കി നൂതന ആശയങ്ങളെ പരിവർത്തനം ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘സുസ്ഥിരതയിലെ നൂതന ആശയങ്ങൾ‘ എന്ന പേരിൽ ഒരു പുതിയ വിഭാഗം പുതിയ പതിപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. അവാർഡിൽ നാല് പ്രധാന വിഭാഗങ്ങൾ ഉൾപ്പെടുന്നുവെന്ന് ഡോ. അൽ ഹൊസനി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

