‘ദുബൈ-ഇറ്റ്’ പുരസ്കാരങ്ങൾക്ക് ഇന്നുമുതൽ അപേക്ഷിക്കാം
text_fieldsദുബൈ: ‘ദുബൈ-ഇറ്റ്’ പുരസ്കാരത്തിന്റെ ആദ്യ പതിപ്പിലേക്കുള്ള നാമനിർദേശങ്ങൾ ആഗസ്റ്റ് 10 മുതൽ സ്വീകരിച്ചു തുടങ്ങും. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ്, അസാധ്യമായതിനെ സാക്ഷാത്കരിക്കുന്ന ‘ദുബൈ-ഇറ്റ്’ എന്ന ആശയത്തെ മുൻനിർത്തി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
‘പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നത് മാത്രം പറയുക’ എന്ന ദുബൈയുടെ തത്ത്വശാസ്ത്രം ഉൾക്കൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘ദുബൈ-ഇറ്റി’ന് തുടക്കം കുറിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് മികച്ച രീതിയിൽ അസാധാരണ നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ, പദ്ധതികൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്. www.dubai-it.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഭരണനിർവഹണം, റിയൽ എസ്റ്റേറ്റ്, സാമ്പത്തികം, ബിസിനസ്, സാങ്കേതികവിദ്യ, കായികം, സമൂഹം, വിദ്യാഭ്യാസം, സേവനങ്ങൾ, ആരോഗ്യം തുടങ്ങിയ 10 പ്രധാന മേഖലകളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
സ്വന്തമായോ അല്ലെങ്കിൽ മറ്റ് വ്യക്തികളെയോ സ്ഥാപനങ്ങളെയോ പദ്ധതികളെയോ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യാം. ആദ്യ പതിപ്പിൽ കഴിഞ്ഞ നാലുവർഷത്തിനിടെ കൈവരിച്ച മികച്ച നേട്ടങ്ങളാണ് പരിഗണിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ തൊട്ടുമുമ്പത്തെ 24 മാസത്തെ നേട്ടങ്ങളാകും അവാർഡിനായി വിലയിരുത്തുക. മികച്ച രീതിയിലുള്ള ആസൂത്രണം, നിർവഹണത്തിലെ വേഗതയും കാര്യക്ഷമതയും, സൃഷ്ടിച്ച സ്വാധീനം, ഭാവിയിലേക്കുള്ള സാധ്യതകൾ തുടങ്ങിയ കർശനമായ മാനദണ്ഡങ്ങൾ മുൻനിർത്തി വിദഗ്ധ സംഘമായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
