ഹൃദയമുള്ളവർ അറിയാൻ ഗർഭസ്ഥ ശിശുക്കൾ എഴുതുന്നു...
text_fieldsമലയാള നാടിെൻറ അഭിമാനമായ യു.എ.ഇയിലെ പ്രമുഖേര, മനുഷ്യസ്നേഹികേള, വ്യവസായ-സാംസ്കാരിക നായകേര,
സുഖമെന്നു കരുതെട്ട, നിങ്ങൾ താമസിക്കുന്ന ഇൗ അതിമനോഹര രാജ്യം ഞങ്ങൾ കണ്ടിട്ടില്ല, ഞങ്ങളുടെ മാതാപിതാക്കൾ ജനിച്ചുവളർന്ന ദൈവത്തിെൻറ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളവും ഞങ്ങൾ കണ്ടിട്ടില്ല. അമ്മമാരുടെ വയറ്റിനുള്ളിലാണ് ഞങ്ങൾ. പലവിധ കാരണങ്ങളാൽ ഞങ്ങളുടെ ജനനം ഇവിടെ സാധ്യമല്ലാത്ത അവസ്ഥയിൽ ഞങ്ങളുടെ അമ്മമാർക്ക് നാട്ടിൽ എത്തിച്ചേരണമെന്നുണ്ട്. ഒാരോ വിമാനത്തിെൻറ ഷെഡ്യൂൾ പ്രഖ്യാപനം കേൾക്കുേമ്പാഴും അവർ ആശ്വസിക്കുന്നത് ഞങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ട്.
എന്നാൽ, ആ വിമാനങ്ങളിൽ ഇടം കിട്ടില്ല എന്നറിയുേമ്പാൾ അവരുടെ ഹൃദയം നുറുങ്ങുന്ന വേദനയും ഞങ്ങൾ അറിയുന്നുണ്ട്. അവരുടെ നെഞ്ചിടിപ്പും രക്തസമ്മർദവും ഉയരുന്നത് ഏതൊരു ഉപകരണത്തേക്കാളും കൃത്യമായി ഞങ്ങൾക്കാണ് മനസ്സിലാവുക. അബൂദബിയിൽനിന്നും ദുബൈയിൽനിന്നും വിമാനങ്ങൾ പുറെപ്പടുന്ന ദിവസങ്ങളിലെല്ലാം ഞങ്ങളുടെ അമ്മമാർ ത്യാഗം സഹിച്ച് വിമാനത്താവള മുറ്റത്തു പോയി പ്രതീക്ഷയോടെ കാത്തുനിൽക്കാറാണ്. പിന്നീട് നിരാശയോടെ മടങ്ങിവരും. പൂർണ ആരോഗ്യമുള്ള അങ്കിൾമാരും ആൻറിമാരും ഞങ്ങളുടെ മുന്നിലൂടെ ചിരിച്ചുല്ലസിച്ച് നാട്ടിലേക്ക് പോകുന്നത് ഞങ്ങൾ കാണുന്നുണ്ട്. ഏറ്റവും പെെട്ടന്ന് അവരുടെ വീട്ടിലെ കുഞ്ഞിവാവമാരുടെ അടുത്തെത്താൻ അവർക്ക് ആഗ്രഹമുണ്ടാവുമായിരിക്കും, അവർക്ക് നല്ലതു വരെട്ട എന്ന് ആശംസിക്കുന്നു.
അടുത്ത ദിവസങ്ങളിൽ നാട്ടിലെത്താനായില്ലെങ്കിൽ ഞങ്ങളിൽ പലരുടെയും അമ്മമാർക്ക് യാത്ര ചെയ്യാനേ കഴിയില്ല. ഞങ്ങളുടെ ജനനം ഇവിടെ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ ഇപ്പോഴില്ലെന്ന് മാതാപിതാക്കൾ കരഞ്ഞുപറയുന്നത് കേൾക്കുന്നുണ്ട്. ഞങ്ങളിൽ ചിലരിൽ അവശേഷിച്ചിരുന്ന ജീവെൻറ തുടിപ്പ് നിലച്ചു പോയിട്ടുണ്ട്്.
പക്ഷേ, ആയിരക്കണക്കിന് ദിർഹം ചെലവിട്ട് ഇവിടത്തെ ആശുപത്രികളിൽ അനുബന്ധ ശസ്ത്രക്രിയകളും ചികിത്സയും ചെയ്യുവാൻ നിവൃത്തിയില്ല. ജീവനറ്റുപോയ പൈതങ്ങളെയും ചുമന്ന് അമ്മമാർ ഒാരോ ദിവസവും തള്ളിനീക്കുന്നത് എത്രമേൽ വേദനജനകമാണെന്ന് നിങ്ങൾക്ക് ഉൗഹിക്കാൻ കഴിയുന്നുണ്ടോ? ഞങ്ങളുടെ അമ്മമാരുടെ സ്ഥാനത്ത് നിങ്ങളുടെ മകളെയോ സഹോദരിയെയോ സങ്കൽപ്പിച്ചുനോക്കൂ, എത്ര സങ്കടമായിരിക്കും അവർക്ക്.
നിങ്ങളിൽ പലർക്കും രാജ്യം ഭരിക്കുന്ന നേതാക്കളുമായി വലിയ അടുപ്പമാണെന്ന് അറിയാം. ഇവിടെയുള്ള ശൈഖ്മാരുമായും വലിയ ബന്ധങ്ങളുള്ളവരാണെന്നറിയാം. നാടിെൻറ പല ആവശ്യങ്ങൾക്കും നിങ്ങൾ മുൻകൈയെടുത്ത് മുന്നിട്ടിറങ്ങാറുണ്ടെന്നും അറിയാം.
എങ്കിൽപിന്നെ, ഞങ്ങൾക്കെതിരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദിക്കുവാൻ നിങ്ങൾ മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? ഞങ്ങളുടെ അമ്മമാർക്ക് ഏറ്റവും അടിയന്തരമായി നാട്ടിലെത്താനുള്ള അനുമതി ഉറപ്പാക്കിത്തരുക എന്നത് നിങ്ങൾ വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കുന്ന ഒരു കാര്യം മാത്രമാണ്.
നിങ്ങൾ മനസ്സുവെച്ചാൽ കൂടുതൽ വിമാനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ അധികാരികൾ മടികാണിക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ നിങ്ങൾ മനസ്സുവെക്കണമെന്നുമാത്രം. ഇൗ പറയുന്നത് അവിവേകമായോ കൊച്ചുവായിലെ വലിയ വർത്തമാനമായോ കാണരുത്. മറിച്ച് ഒരു ജീവൻ മരണ പ്രശ്നമാണെന്ന് മനസ്സിലാക്കണം. ഇൗ ലോകം കണ്ണുതുറന്ന് കാണുവാനുള്ള ഞങ്ങളുടെ ആഗ്രഹമാണെന്നറിയണം. നിങ്ങളുടെ പേരമക്കളുടെ മുഖം ഒന്ന് ഒാർത്തുനോക്കണം. അമ്മമാരുടെ യാത്രയും ഞങ്ങളുടെ ജനനവും സുഗമമാക്കാൻ ഇടപെടുന്നതിനു പകരമായി എന്തെങ്കിലും നൽകാൻ കഴിവോ സ്വാധീനമോ ഉള്ളവരല്ല ഞങ്ങൾ എന്ന് അറിയാമല്ലോ.
പക്ഷേ ജീവിതകാലം മുഴുവൻ ഞങ്ങളുടെ പ്രാർഥനകളിൽ നിങ്ങളുണ്ടാവും. നിങ്ങളിൽ മാതാവിെൻറ കാൽചുവട്ടിലാണ് സ്വർഗം എന്ന വിശുദ്ധവാക്യം ഉരുവിടുന്നവരുണ്ട്, വന്ദേമാതരം എന്നും ഭാരത്മാതാ കീ ജയ് എന്നും മുഴക്കി വിളിക്കുന്നവരുണ്ട്. എന്നിെട്ടന്താണ് നിങ്ങളാരും ഇൗ ഭാരതമാതാക്കളുടെ വേദനയും കണ്ണീരും കാണാതെപോകുന്നത്. ഒാരോ കുഞ്ഞിനും സന്തോഷത്തോടെയും സമാധാനത്തോടെയും ജനിച്ചുവളരുവാനുള്ള സുന്ദരമായ ലോകം സാധ്യമാക്കുവാൻ നിങ്ങൾ മുന്നോട്ടുവരുമെന്ന അതിയായ വിശ്വാസത്തോടെ... ഒാരോ ഗർഭസ്ഥശിശുവിെൻറയും നാമത്തിൽ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
