ആകർഷക വാടകയിൽ അപ്പാർട്ട്മെന്റ്; ഓൺലൈൻ തട്ടിപ്പുകാരൻ പിടിയിൽ
text_fieldsദുബൈ: ആകർഷകമായ വാടകയിൽ അപ്പാർട്ട്മെന്റുകൾ വാടകക്ക് ലഭ്യമാണെന്ന് ഓൺലൈനിൽ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുന്നയാളെ പിടികൂടി ദുബൈ പൊലീസ്. ‘തട്ടിപ്പ് സൂക്ഷിക്കുക’ എന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുകാരൻ പിടിയിലായതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
താമസസ്ഥലങ്ങൾ അന്വേഷിക്കുന്നവരെ ലക്ഷ്യംവെച്ചാണ് അപ്പാർട്ട്മെന്റ് ഉടമയെന്ന വ്യാജേന തട്ടിപ്പുകാരൻ പ്രവർത്തിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ ആന്റി ഫ്രോഡ് സെന്റർ വ്യക്തമാക്കി. ഓൺലൈൻ വഴി ബന്ധപ്പെടുന്നവരോട് കരാർ ഉറപ്പിക്കുന്നതിന് ഡെപ്പോസിറ്റോ ആദ്യ ഗഡുവോ അടക്കാൻ പറയുന്നതാണ് ഇയാളുടെ രീതി.
പണമടച്ചുകഴിഞ്ഞാൽ ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടച്ച് മുങ്ങുന്നതാണ് രീതി. ഇത്തരം സംഭവങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സൈബർ തട്ടിപ്പുകൾ നിയമപ്രകാരം കനത്ത ശിക്ഷക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സമാനമായ തട്ടിപ്പുകളിൽ അകപ്പെടുന്നതിൽനിന്ന് താമസക്കാർ ജാഗ്രത പാലിക്കണമെന്നും കെട്ടിട ഉടമയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചശേഷമല്ലാതെ പണം അയച്ചുകൊടുക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉടമയുടെ വിവരങ്ങൾ, ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ എന്നിവ ഉറപ്പാക്കിയശേഷം ഔദ്യോഗികവും അംഗീകൃതവുമായ രീതികളിലൂടെ മാത്രമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. എന്തെങ്കിലും രീതിയിലുള്ള സംശയാസ്പദമായ ഇടപാടുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് ആപ് വഴിയോ 901 എന്ന നമ്പറിലോ വിവരം നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

