ഈ ആഴ്ച ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് പോകുന്നവരാണോ? വിമാനത്താവളങ്ങളിൽ നേരത്തേ എത്തണം
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ വർധിപ്പിച്ചതിനാൽ ഈ ആഴ്ച വിമാനത്തിൽ യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും നിർദേശം നൽകി. യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും ആഭ്യന്തര തലത്തിലും യാത്ര ചെയ്യുന്നവർ അധിക പരിശോധനകൾക്കായി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരും.
ആഗസ്റ്റ് 15ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് 10 മുതൽ 20 വരെയാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ കടുത്ത സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി, മുംബൈ, തിരുവനന്തപുരം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെല്ലാം യാത്രക്കാർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ നേരത്തെ എത്തണമെന്ന് ഡൽഹി എയർപോർട്ട് എക്‌സിലൂടെ അറിയിച്ചു. അധിക പരിശോധനകൾക്ക് പുറമെ ബോർഡിങ്ങിന് തൊട്ടുമുമ്പുള്ള ‘സെക്കൻഡറി ലാഡർ പോയന്‍റ് ചെക്കി’നും സമയം കണ്ടെത്തണമെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും വ്യക്തമാക്കി.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
നേരത്തെ എത്തുക: ട്രാഫിക്, പാർക്കിങ്, ചെക്ക്-ഇൻ ക്യൂ, സുരക്ഷാ പരിശോധനകൾ എന്നിവ മുൻകൂട്ടി കണ്ട് വിമാനത്താവളത്തിൽ നേരത്തെ എത്തുക.
രേഖകൾ കൈയിൽ കരുതുക: ഐഡന്‍റിറ്റി കാർഡ്, ബോർഡിങ് പാസ്, മറ്റ് യാത്രാ രേഖകൾ എന്നിവ വേഗത്തിൽ കാണിക്കാനായി എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ സൂക്ഷിക്കുക.
ബാഗേജ് നിബന്ധനകൾ പാലിക്കുക: സെക്യൂരിറ്റി സ്‌ക്രീനിങ് വേഗത്തിലാക്കാൻ ലഗേജ് സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

