ഷാർജയിൽ വാർഷിക ബജറ്റ് പ്രഖ്യാപിച്ചു
text_fieldsശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ: ഷാർജയിൽ 2026ലേക്ക് 4450 കോടി ദിർഹമിന്റെ വാർഷിക ജനറൽ ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക രംഗത്തെ മത്സരക്ഷമത, സാമൂഹികമായ സുസ്ഥിരത എന്നിവക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്. കൂടാതെ പണപ്പെരുപ്പം, ഉയർന്ന പലിശനിരക്കുകൾ, ഭൗമരാഷ്ട്രീയ സമ്മർദം എന്നിവയുമായി ബന്ധപ്പെട്ടുള്ള ആഗോള അനിശ്ചിതത്വങ്ങൾ നേരിടുന്നതിനുള്ള വിപുലമായ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ബജറ്റിൽ മൂന്ന് ശതമാനം വർധനവും വരുത്തിയിരിക്കുന്നു. ദീർഘകാല വികസന ലക്ഷ്യങ്ങളുമായി സാമ്പത്തിക സുസ്ഥിരതയെ സന്തുലിതമാക്കുന്നതിനായാണ് ഇത്തവണ ബജറ്റ് പ്രധാനമായും രൂപകൽപന ചെയ്തിരിക്കുന്നത്. വളർച്ചയെ പിന്തുണക്കുന്ന മേഖലകളിൽ നിക്ഷേപം തുടരുന്നതിനൊപ്പം പൊതു സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. മൊത്തം ബജറ്റിന്റെ 35 ശതമാനം ഈ മേഖലകൾക്കാണ്. നിക്ഷേപം ആകർഷിക്കുന്നതിനും ജനസംഖ്യാ വളർച്ചയെ പിന്തുണക്കുന്നതിനുമുള്ള നട്ടെല്ലായി കാണുന്ന ഗതാഗത ശൃംഖലകൾ, യൂട്ടിലിറ്റികൾ, ഭവനങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയിൽ ഷാർജയുടെ തുടർച്ചയായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം.
സാമ്പത്തികവികസനത്തിനാണ് രണ്ടാമത്തെ ഊന്നൽ. ഈ മേഖലക്കായി 30 ശതമാനം തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷമിത് 17 ശതമാനം ആയിരുന്നു. സമൂഹവികസനത്തിന് 23 ശതമാനവും ഗവൺമെന്റ് അഡ്മിനിസ്ട്രേഷൻ, സുരക്ഷ എന്നിവക്കായി 12 ശതമാനവും തുക വകയിരുത്തിയിരിക്കുന്നു. മൂലധന പദ്ധതികൾക്ക് 35 ശതമാനമാണ് തുക. അതേസമയം, അടുത്ത വർഷം വരുമാനത്തിൽ 26 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

