മൃഗസംരക്ഷണം; വെറ്ററിനറി മെഡിക്കല്‍ നിയമം നിലവില്‍വന്നു
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: മൃഗ സംരക്ഷണം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനായി യു.എ.ഇയിൽ പുതിയ നിയമം നടപ്പാക്കുന്നു. വ്യാജമായതോ കേടായതോ കാലാവധി കഴിഞ്ഞതോ ആയ മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ വ്യാപാരം കർശനമായി നിരോധിക്കുകയാണ് ലക്ഷ്യം. വെറ്ററിനറി മരുന്നുകള്‍ കുറിച്ച് നല്‍കുന്നതിനും വില്‍ക്കുന്നതിനും നിയമത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തി.
അംഗീകൃതവും ലൈസന്‍സുള്ളതുമായ വെറ്ററിനറി ഡോക്ടര്‍ക്ക് മാത്രമേ മരുന്ന് കുറിപ്പടി നല്‍കാനോ അതില്‍ മാറ്റം വരുത്താനോ സാധിക്കൂ.വെറ്ററിനറി ഉല്‍പന്നങ്ങളുടെ വികസനം, അംഗീകാരം, നിര്‍മാണം, വിപണനം, വിതരണം എന്നിവയില്‍ രാജ്യത്ത് ശക്തമായ ദേശീയ മാനേജ്‌മെന്‍റ് സംവിധാനം നിലവില്‍വരും. വെറ്ററിനറി മരുന്നുകള്‍, ബയോളജിക്കല്‍ ഉല്‍പന്നങ്ങള്‍, കുത്തിവെപ്പ് സപ്ലിമെന്‍റുകള്‍, അസംസ്‌കൃത വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, നിയന്ത്രിതവും അര്‍ധനിയന്ത്രിതവുമായ മരുന്നുകള്‍ തുടങ്ങിയ എല്ലാ വെറ്ററിനറി ഉല്‍പന്നങ്ങള്‍ക്കും നിയമം ബാധകമാണ്. വെറ്ററിനറി ഉല്‍പന്നങ്ങളുടെ വികസനം, നിര്‍മാണം, രജിസ്‌ട്രേഷന്‍, വില നിര്‍ണയം, ഇറക്കുമതി, കയറ്റുമതി, വിതരണം, കൈവശംവെക്കല്‍, വില്‍പന, പരസ്യം ചെയ്യല്‍, സുരക്ഷിതമായ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പുതിയ നിയമത്തിലൂടെ നിയന്ത്രിക്കും.
ഇറക്കുമതി ചെയ്യുന്നതിനും പ്രാദേശികമായി നിര്‍മിക്കുന്നതിനും വിതരണം ചെയ്യാനുമുള്ള വെറ്ററിനറി ഉല്‍പന്നങ്ങളുടെ വര്‍ഗീകരണം പ്രത്യേക നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. വെറ്ററിനറി മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ സ്റ്റോക്കിനായുള്ള ദേശീയനയം മന്ത്രിസഭ അംഗീകരിച്ചശേഷം പുറത്തിറക്കാനുള്ള വ്യവസ്ഥകളും നിയമം വിശദീകരിക്കുന്നുണ്ട്.
വെറ്ററിനറി ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സിങ് നടപടികള്‍ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത്. ഫ്രീസോണ്‍ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരും. നിയമം പ്രാബല്യത്തില്‍വന്ന തീയതി മുതല്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷം വരെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനും അധികൃതര്‍ സമയം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

