മനുഷ്യനിൽ മൃഗങ്ങളുടെ അവയവ കൈമാറ്റം: കർശന നിയമവുമായി യു.എ.ഇ
text_fieldsദുബൈ: മനുഷ്യരിൽ മൃഗങ്ങളുടെ അവയവങ്ങളും ലബോറട്ടറികളിൽ കൃത്രിമമായി നിർമിച്ച അവയവങ്ങളും ഉപയോഗിക്കുന്നതിൽ കർശനമായ നിയമം അവതരിപ്പിച്ച് യു.എ.ഇ.
ഇത്തരം ശസ്ത്രക്രിയകൾക്ക് കർശനമായ ഉപാധികളോടെ അനുമതി നൽകും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഫെഡറൽ നിയമത്തിലാണ് സുപ്രധാന പരിഷ്കാരം. അവയവമാറ്റ ശസ്ത്രക്രിയകൾക്കായി മനുഷ്യ അവയവങ്ങൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. മൃഗങ്ങളുടെ അവയവങ്ങളോ അല്ലെങ്കിൽ ലാബുകളിൽ വികസിപ്പിച്ചെടുത്ത കൃത്രിമ അവയവങ്ങളോ മാറ്റിവയ്ക്കാനായി ഉപയോഗിക്കാം. എന്നാൽ ഇതിനായി ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ലൈസൻസ് നിർബന്ധമാണ്. രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ലിനിക്കൽ, ലബോറട്ടറി പരിശോധനകൾ പൂർത്തിയാക്കുകയും രോഗിയിൽ നിന്ന് കൃത്യമായ സമ്മതപത്രം വാങ്ങുകയും വേണം. മനുഷ്യ അവയവങ്ങളുടെ കടത്ത് തടയുന്നതിനുള്ള കർശന നിർദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്. ത്രീഡി ബയോ പ്രിന്‍റിങ് പോലുള്ള നൂതന സാങ്കേതികവിദ്യകൾക്കും പ്രോത്സാഹനം നൽകുന്നതാണ് നിയമം.
മനുഷ്യനിൽ മൃഗങ്ങളുടെ അവയവങ്ങൾ, ത്രിഡി പ്രിന്‍റ് ചെയ്ത അവയവങ്ങൾ, കൃത്രിമമായി നിർമിച്ച ടിഷ്യൂകൾ തുടങ്ങിയവ ഉപയോഗിക്കാൻ രാജ്യം ഒരുങ്ങുന്ന സാഹചര്യത്തിലാണ് സുരക്ഷ, ധാർമികത, മെഡിക്കൽ മേൽനോട്ടം എന്നിവ ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കൃത്രിമ അവയവങ്ങളും മൃഗങ്ങളുടെ അവയവങ്ങളും മനുഷ്യനിൽ പരീക്ഷിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമ ചട്ടക്കൂട് നിർമിക്കുന്നത് ഇതാദ്യമായാണ്. മൃഗങ്ങളിൽ നിന്ന് അവയവങ്ങൾ നീക്കുന്നതിനും മനുഷ്യനിൽ അവ ഉപയോഗിക്കുന്നതിനും ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിൽ നിന്നും പ്രാദേശിക ആരോഗ്യ അതോറിറ്റികളിൽ നിന്നും അനുമതി വാങ്ങിയിരിക്കണം. നിയമലം ലംഘിച്ചാൽ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിനും 20 ലക്ഷം ദിർഹമിനും ഇടയിലുള്ള പിഴയും ചുമത്തും. കൃത്രിമ അവയവങ്ങൾ മാറ്റിവെക്കുന്നതിന് മുമ്പ് അവ മനുഷ്യന് എത്രമാത്രം സുരക്ഷിതമാണോ എന്നും ഫലവത്താണോ എന്നും തെളിയിക്കുന്ന അംഗീകൃത ക്ലിനിക്കുകളിൽ നിന്നും ലാബുകളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്.
രോഗിക്ക് അവയവം യോജിച്ചതാണോ എന്ന് വിഗദ്ധ ഡോക്ടർ ഉറപ്പുവരുത്തുകയും വേണം. കൂടാതെ അവയവം മാറ്റിവെക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ സ്ഥിതിയെ കുറിച്ച് രോഗിയേയും ബന്ധുക്കളേയും അറിയിക്കുകയും വേണം. മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുമ്പ് ഓരോ നടപടികളും പ്രത്യേക കമ്മിറ്റിയുടെ അംഗീകാരം നേടിയിരിക്കണം. ഇതിനായുള്ള പ്രത്യേക മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

