അനിൽ മാഷ് വിരമിക്കുന്നു; ഇനി സംഗീതമേ ജീവിതം...
text_fieldsഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ സംഗീത അധ്യാപകനും പ്രശസ്ത ഗായകനുമായ അനിൽ പി. ബാലൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. കഴിഞ്ഞ 21 വർഷമായി സ്കൂളിലെ സംഗീത വിഭാഗം മേധാവിയാണ് മാഷ്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും ബിരുദം നേടി കോളജ് പഠന ശേഷം പണ്ഡിറ്റ് രമേശ് നാരായണന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച അദ്ദേഹം സംഗീത ജീവിതം ആരംഭിക്കുന്നത് മസ്കറ്റിലാണ്. പിന്നീട് യു.എ.ഇ യിൽ എത്തിയ അനിൽ മാഷ് ഷാർജ ഇന്ത്യൻ സ്കൂളിലെ ആദ്യത്തെ സംഗീത അധ്യാപനായി ചേർന്നു. യു.എ.ഇയിലെ പ്രമുഖ വേദികളിലെല്ലാം സജീവ സാന്നിധ്യമായ അദ്ദേഹം നിരവധി സംഗീത ആൽബങ്ങൾക്കുവേണ്ടി സംഗീത സംവിധാനം നിർവഹിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, മഞ്ജരി തുടങ്ങിയ അനുഗ്രഹീത ഗായകരെ ഉൾപ്പെടുത്തി അദ്ദേഹം ഒരുക്കിയ സംഗീത ആൽബം ‘സുഖം സംഗീതം’ വൻ ഹിറ്റായിരുന്നു.
അനേകം ശിഷ്യർക്ക് സംഗീതം പകർന്നു നല്കിയ അദ്ദേഹം നിറഞ്ഞ മനസ്സോടെയാണ് അദ്ദേഹം സ്കൂളിന്റെ പടിയിറങ്ങുന്നത്. കർണാടക സംഗീത മേഖലയിലും സിനിമാ സംഗീത മേഖലയിലും പിന്നീട് പ്രശസ്തരായ പലരും അനിൽ മാഷുടെ ശിഷ്യരാണ്. സംഗീതം സ്കൂളുകളിൽ പഠന വിഷയമായി ഉൾപ്പെടുത്തിയപ്പോൾ സിലബസ് എന്ന ഒരു മുൻ മാതൃകകളും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനുഭവസമ്പത്തിൽ നിന്നും രൂപപ്പെടുത്തിയ ലളിതമായ പഠന പദ്ധതിയിൽ നിന്നും ഇപ്പോൾ സമഗ്രമായ ഒരു പഠന രീതി ഉണ്ടായിട്ടുണ്ടെന്നും അനിൽ മാഷ് സാക്ഷ്യപ്പെടുത്തുന്നു.
ഔദ്യോഗികമായ അധ്യാപക ജീവിതത്തിനു വിരാമമിടുമ്പോഴും തന്റെ സംഗീത ജീവിതം തുടരാൻ തയാറെടുക്കുകയാണ് അദ്ദേഹം. സംഗീത മേഖലയിൽ കാലത്തിന്റെ മാറ്റങ്ങളുണ്ടായത് തിരിച്ചറിയുമ്പോഴും ശുദ്ധസംഗീതത്തിന്റെ തനിമ ചോരാതെ ജനകീയ സംഗീതത്തിന്റെ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് സംഗീതയാത്രയിലെ ലക്ഷ്യമെന്ന് അനിൽ സർ പറയുന്നു. സംഗീത അധ്യാപികയായ ഭാര്യ പ്രീതി അനിലും ഗായികയായ മകൾ ധനശ്രീയും അനിൽ മാഷിന്റെ സംഗീത ജീവിതത്തിനു കൂട്ടായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

