ആന്ധ്രാ മുഖ്യമന്ത്രി യു.എ.ഇയിൽ; നിക്ഷേപകർക്ക് ക്ഷണം
text_fieldsആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നു. ആന്ധ്രാ നിക്ഷേപ മന്ത്രി ബി.സി ജനാർദ്ധൻ റെഡ്ഢി, വ്യവസായ മന്ത്രി ടി.ജി ഭരത്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദ് റാം എന്നിവർ സമീപം
അബൂദബി: മൂന്ന് ദിവസത്തെ ഔദ്യോഗിക യു.എ.ഇ. സന്ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി യു.എ.ഇയിലെ വാണിജ്യ വ്യവസായ രംഗത്തുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കാർഷികരംഗം, റീട്ടെയ്ൽ, ടെക്നോളജി അടക്കം വിവിധമേഖലകളിലായി മികച്ച നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്‍റെ ആന്ധ്രാപ്രദേശിലെ നിക്ഷേപപദ്ധതികളുടെ തുടർനീക്കങ്ങൾ ചർച്ചയായി. വിശാപട്ടണത്തെ ഷോപ്പിങ് മാളിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും 2028 ഡിസംബറോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസുഫലി പറഞ്ഞു. വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാകുമെന്നും യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു. ലുലുവിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ ആന്ധ്രമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി.
ആന്ധ്ര നിക്ഷേപ മന്ത്രി ബി.സി ജനാർദ്ധൻ റെഡ്ഢി, വ്യവസായ മന്ത്രി ടി.ജി ഭരത്, വ്യവസായ വകുപ്പ് സെക്രട്ടറി എൻ. യുവരാജ്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി എന്നിവരും കൂടിക്കാഴ്ചയിൽ ഭാഗമായി. നവംബർ 14, 15 തീയ്യതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംബന്ധിക്കാൻ യു.എ.ഇ വ്യവസായികളെ മുഖ്യമന്ത്രി നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം 2019ൽ ആന്ധ്രാപ്രദേശില്‍ നിന്ന് പിന്മാറിയ ലുലുവിനെ ചന്ദ്രബാബു നായിഡു താൽപ്പര്യമെടുത്താണ് വീണ്ടും സംസ്ഥാനത്തേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

