ദുബൈ സിവിൽ ഡിഫൻസിന് ഇനി ഇലക്ട്രിക് ഫയർ എൻജിനും
text_fieldsദുബൈ സിവിൽ ഡിഫൻസ് പുറത്തിറക്കിയ ഇലക്ട്രിക് ഫയർ എൻജിൻ
ദുബൈ: പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫയർ എൻജിൻ വാഹനവുമായി ദുബൈ സിവിൽ ഡിഫൻസ്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്. വേൾഡ് ട്രേഡ് സെൻററിൽ നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. റോസൻബോർ നിർമിച്ച വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കും. മറ്റ് ഫയർ എൻജിനുകളെക്കാൾ വേഗതയുണ്ടെന്ന പ്രത്യേകതയുമുണ്ട്. അഗ്നിശമന മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളെല്ലാം ഇതിലും ഉൾപെടുത്തിയിരിക്കുന്നു. 4000 ലിറ്റർ വാട്ടർ ടാങ്ക്, 400 ലിറ്റർ ഫോം ടാങ്ക് എന്നീ സൗകര്യങ്ങളുണ്ട്.
കാമറകൾ, മോണിറ്ററുകൾ തുടങ്ങിയവ ഘടിപ്പിച്ചിരിക്കുന്നു. വിദൂരത്തിരുന്ന് ഇത് നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. ഇത് ഭാവിയിലെ അഗ്നിശമനവാഹനമാണെന്നാണ് വിലയിരുത്തൽ. അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ ഫയർ ഫൈറ്റിങ് വാഹനങ്ങളും ഈ രൂപത്തിലേക്ക് മാറിയേക്കും. എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്താനാണ് തങ്ങളുടെ ശ്രമമെന്നും അത് സമൂഹത്തിന് ഉപകാരപ്പെടുന്നവിധത്തിൽ ജനങ്ങളിലേക്കെത്തിക്കുമെന്നും ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ റാശിദ് താനി അൽ മത്റൂഷി പറഞ്ഞു. എൻജിനും വാട്ടർ പമ്പുകളും ബാറ്ററിയിലായിരിക്കും പ്രവർത്തിക്കുക. സാധാരണ വാഹനങ്ങളെക്കാൾ 20 ശതമാനം വേഗത്തിൽ പ്രവർത്തിക്കാനാകും. എല്ലാ അഗ്നിശമന വാഹനങ്ങളെയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിെൻറ ബാറ്ററി തീർന്നാൽ, ഇതിനുള്ളിലെ ഡീസൽ വഴി വാഹനം ചാർജ് ചെയ്യാൻ കഴിയും. ഇലക്ട്രിക് ട്രക്ക് പരിഷ്കരിച്ചാണ് ഫയർ ഫൈറ്റിങ് വാഹനമാക്കി മാറ്റിയതെന്ന് എൻജിനീയർ മാർട്ടിൻ കിറ്റ്സ്മുള്ളർ വ്യക്തമാക്കി. വിപണിയിൽ ലഭ്യമല്ലാത്ത ട്രക്കാണ് ഇതിനായുപയോഗിച്ചത്. ദുബൈ സിവിൽ ഡിഫൻസുമായി സഹകരിച്ചായിരുന്നു നിർമാണം. ഇതിൽ ഇനിയും മാറ്റങ്ങളും കൂട്ടിച്ചേർക്കലുമുണ്ടാകും. ഇത് ഭാവിയിലെ അഗ്നിശമന വാഹനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

