ഉമ്മുൽഖുവൈനിൽ പുരാതന നഗരാവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsപുരാവസ്തു പര്യവേക്ഷണം നടക്കുന്ന അൽ സിന്നിയ്യ ദ്വീപ് (ഫയൽ)
ഉമ്മുൽഖുവൈൻ: യു.എ.ഇയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നഗരാവശിഷ്ടങ്ങൾ ഉമ്മുൽഖുവൈനിൽ കണ്ടെത്തി. വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ അവശിഷ്ടങ്ങൾ ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമി’ന്റെ ഭാഗമാണെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. ഒരുകാലത്ത് മുത്ത് വ്യാപാരത്തിൽ പ്രസിദ്ധിയാർജിച്ച ഈ നഗരം, മേഖലയുടെ തലസ്ഥാനമായിരുന്നു. പുരാതന അറബ് എഴുത്തുകളിൽ പരാമർശിക്കപ്പെട്ട നഗരം ആറാം നൂറ്റാണ്ടോടെ പ്ലേഗും മറ്റു പ്രാദേശിക സംഘർഷങ്ങളും കാരണമായി നശിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ ദ്വീപിലെ ഗവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകളുണ്ടായത്.
കടലിൽനിന്ന് മുത്തും പവിഴവും കണ്ടെത്തി വ്യാപാരം നടത്തിയിരുന്ന പ്രദേശത്ത് ക്രിസ്ത്യൻ ആശ്രമത്തിന്റെ അവശിഷ്ടങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു. താമസത്തിന് ഉപയോഗിച്ചിരുന്ന വലിയ കെട്ടിടങ്ങൾ, ഇടുങ്ങിയ ഇടവഴികളുള്ള ചെറിയ നഗരഭാഗം, സാമൂഹിക ഘടന സംവിധാനം എന്നിങ്ങനെ വിവിധ അവശിഷ്ടങ്ങൾ കണ്ടെത്തിയവയിൽ ഉൾപ്പെടും. ചെയർമാൻ ശൈഖ് മാജിദ് ബിൻ സഊദ് അൽ മുഅല്ലയുടെ നിർദേശമനുസരിച്ച് ഉമ്മുൽ ഖുവൈൻ ടൂറിസം, പുരാവസ്തു വകുപ്പാണ് ഇവിടെ ഗവേഷണം നടത്തിവരുന്നത്. വിവിധ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളും പദ്ധതിയിൽ ഭാഗമാകുന്നുണ്ട്. അൽ സിന്നിയ്യ ദ്വീപിലെ കുടിയേറ്റം നാലാം നൂറ്റാണ്ടിലാണ് ആരംഭിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും ഇവിടം പുരോഗതിയുടെ പാരമ്യത്തിലെത്തി. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായാണ് ഇവിടെ ക്രിസ്ത്യൻ ആശ്രമം സ്ഥാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് നഗരം പല കാരണങ്ങളാൽ നശിച്ചു. എന്നാൽ 19ഉം 20ഉം നൂറ്റാണ്ടുകളിൽ ഈ മേഖലയിൽ നിലവിലുണ്ടായിരുന്ന നാഗരിക, ഗ്രാമീണ ജീവിതത്തിന്റെ സമാനമായ സാഹചര്യം ‘തുവാമി’ൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെയുണ്ടായിരുന്നുവെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇസ്ലാമിന്റെ ആഗമനത്തിനും മുമ്പുണ്ടായിരുന്ന ക്രിസ്ത്യൻ വാസസ്ഥലമായിരുന്നു ‘തുവാം’ എന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

