അമിനയുടെ പാസ്പോർട്ടിന് മന്ത്രി നൂറ അൽ കാബിയുടെ കൈയൊപ്പ്
text_fieldsഅമിനക്ക് മന്ത്രി നൂറ അൽ കാബി ആശംസ സന്ദേശം എഴുതി നൽകുന്നു
ദുബൈ: അമിനയുടെ ഹൃദയത്തിലായിരുന്നു നൂറ അൽ കാബിയുടെ കൈയൊപ്പ് പതിഞ്ഞത്. വിശ്വമേളയിലെ 192 പവിലിയനുകളുടെ സ്റ്റാമ്പിനേക്കാൾ അമിന ഹൃദയത്തോട് ചേർത്തുവെക്കുന്നതും ഈ കൈയൊപ്പാണ്. 192 ലോകരാജ്യങ്ങളുടെ പതാക വരച്ച് സ്വന്തമായി നിർമിച്ചെടുത്ത 'പാസ്പോർട്ടി'നുള്ള യു.എ.ഇയുടെ ആദരം കൂടിയായിരുന്നു അത്. വ്യത്യസ്തതകളുടെ സംഗമഭൂമിയായ ദുബൈ എക്സ്പോയിലെ എല്ലാ പവിലിയനിലും ഓടിയെത്തുകയും ഓരോ രാജ്യത്തിന്റെയും പതാക വരച്ചിട്ട പേജുകളിൽ അതത് രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പതിപ്പിക്കുകയും ചെയ്താണ് ദുബൈ ജെംസ് അവർ ഓൺ സ്കൂളിലെ മൂന്നാം ക്ലാസുകാരി അമിന എക്സ്പോയിൽ സാന്നിധ്യമറിയിച്ചത്. ഒടുവിൽ, യു.എ.ഇ സാംസ്കാരിക, യുവജനകാര്യ മന്ത്രി നൂറ അൽകാബിയുടെ പ്രശംസയും ആശംസയും കൈയൊപ്പും നേടിയാണ് അമിനയുടെ എക്സ്പോ പ്രയാണം അവസാനിച്ചത്.
എക്സ്പോയിലെ 192 രാജ്യങ്ങളുടെ പവലിയനുകളും സന്ദർശിച്ച് എക്സ്പോ പാസ്പോർട്ടിലും ടീ ഷർട്ടിലും കന്തൂറയിലുമെല്ലാം നിറയെ സ്റ്റാമ്പുകൾ പതിപ്പിച്ചവർ പലരുമുണ്ട്.
എക്സ്പോയിൽനിന്ന് 20 ദിർഹം നൽകി വാങ്ങുന്ന മഞ്ഞനിറമുള്ള പാസ്പോർട്ടിലായിരുന്നു ഇവർ ഓരോ പവിലിയനുകളുടെയും സ്റ്റാമ്പുകൾ പതിപ്പിച്ചിരുന്നത്. എന്നാൽ, ഇൗ പാസ്പോർട്ടിന്റെ തന്നെ ശൈലിയിൽ സ്വന്തമായി പാസ്പോർട്ട് നിർമിക്കുകയായിരുന്നു അമിന. അതിൽ 192 രാജ്യങ്ങളുടെയും പതാക വരച്ചു. സന്ദർശിച്ച എല്ലാ പവിലിയനുകളുടെ സ്റ്റാമ്പും ഈ പതാകയോട് ചേർത്ത് പതിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മന്ത്രി നൂറ അൽ കാബി എക്സ്പോയിലെത്തിയപ്പോഴാണ് അമിന തന്റെ വ്യത്യസ്തമായ പാസ്പോർട്ട് മന്ത്രിയെ കാണിച്ചത്. 'പ്രിയപ്പെട്ട അമിന, എല്ലാവിധ ആശംസകളും' എന്ന് എഴുതി നൽകിയാണ് അമിനക്ക് മന്ത്രി ആശംസയർപ്പിച്ചത്.
ഇതിനകം 20 തവണ എക്സ്പോയിലെത്തി. സ്കൈ ജ്വല്ലറിയുടെ ചിത്രരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയിരുന്നു. പുസ്തകപ്രേമികൂടിയായ അമിന ഇതിനകം 50ഓളം പുസ്തകങ്ങൾ വായിച്ചുതീർത്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും ദുബൈയിലെ മീഡിയ ഫോട്ടോഗ്രാഫറുമായ അഫ്സൽ ശ്യാമിന്റെയും ഷംനയുടെ മകളാണ്. ഐഷ, അയ്മൻ എന്നിവരാണ് സഹോദരങ്ങൾ. രാജ്യങ്ങളെ കുറിച്ച് പഠക്കണമെന്നും ആർക്കിയോളജിസ്റ്റാവണമെന്നുമാണ് അമിനയുടെ കുഞ്ഞുമനസ്സിലെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

