നൊമ്പരമായി അമേയയുടെ വിയോഗം
text_fieldsദുബൈ: ദുബെയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ഏഴു വയസ്സുകാരി അപൂർവ മസ്തിഷ്ക രോഗത്തെത്തുടർന്ന് നാട്ടിൽ നിര്യാതയായി. അമേയ അജിത് ആണ് കേരളത്തിൽ അവധിക്കാലം ആഘോഷിക്കുന്നതിന് നാട്ടിലെത്തിയശേഷം സെപ്റ്റംബർ 14ന് രാത്രി മരണപ്പെട്ടത്. കുട്ടിയുടെ സംസ്കാരച്ചടങ്ങുകൾ ചൊവ്വാഴ്ച സ്വന്തം നാട്ടിൽ നടന്നു.
ദുബൈയിൽ സെയിൽസ് പ്രൊഫഷനലായ കെ.പി. അജിത്തിന്‍റെയും മീരയുടെയും ഏക മകളാണ് അമേയ. നാട്ടിൽ അവധിക്കെത്തിയ ശേഷമാണ് ജൂലൈ ആറിന് കുടുംബം അവളുടെ ഏഴാം പിറന്നാൾ ആഘോഷിച്ചത്. തികച്ചും ആരോഗ്യവതിയായിരുന്ന കുട്ടിക്ക് ജൂലൈ 30നാണ് പെട്ടെന്ന് അപസ്മാര ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേയക്ക് പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന ‘ഫയർസ്’ (ഫെബ്രൈൽ ഇൻഫെക്ഷൻ റിലേറ്റഡ് എപിലെപ്സി സിൻഡ്രോം) എന്ന അപൂർവ രോഗമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സാധാരണ പനിയോടെയോ അണുബാധയോടെയോ തുടങ്ങി പിന്നീട് നിയന്ത്രിക്കാനാകാത്ത കഠിനമായ അപസ്മാരത്തിലേക്ക് നയിക്കുന്ന രോഗാവസ്ഥയാണിത്. മൂന്നിനും പതിനഞ്ചും വയസ്സിനും ഇടയിലുള്ള കുട്ടികളെ ബാധിക്കുന്ന ഈ അവസ്ഥക്ക് നിലവിൽ വ്യക്തമായ കാരണങ്ങളോ കൃത്യമായ ചികിത്സയോ ഇല്ല.
കഴിഞ്ഞ 45 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു അമേയ. ഇടക്ക് അപസ്മാരം നിയന്ത്രണവിധേയമായെങ്കിലും പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളുടെ വിയോഗത്തോടെ പൂർണമായും തകർന്നിരിക്കുകയാണ് അമേയയുടെ മാതാപിതാക്കൾ.
ദുബൈയിൽ നടി ഷംന കാസിമിന്‍റെ ഡാൻസ് സ്റ്റുഡിയോയിലെ നൃത്ത വിദ്യാർഥിനി കൂടിയായിരുന്നു അമേയ. കുട്ടിയുടെ വേർപാടിൽ ഷംന കാസിം ഇൻസ്റ്റാഗ്രാമിലൂടെ വൈകാരികമായ അനുശോചനം രേഖപ്പെടുത്തി. അമേയ തങ്ങൾക്ക് വിദ്യാർഥി മാത്രമായിരുന്നില്ലെന്നും കുടുംബാംഗത്തെപ്പോലെയായിരുന്നുവെന്നും ഷംന കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

