അമേരിക്കൻ സമാധാന സാർഥവാഹക സംഘത്തിന് അബൂദബിയിൽ സ്വീകരണം
text_fieldsഅബൂദബി: പ്രഥമ അമേരിക്കൻ സമാധാന സാർഥവാഹക സംഘത്തിന് മുസ്ലിം സമൂഹ സമാധാന പ്രോത്സാഹന ഫോറം അബൂദബിയിൽ സ്വീകരണം നൽകി. അബ്രഹാം പ്രവാചകെൻറ പരമ്പരയിലുള്ള എല്ലാ മതങ്ങളിലെയും പണ്ഡിതരും പുരോഹിതരും ഉൾപ്പെട്ട സംഘത്തിന് ഇത്തിഹാദ് ടവേഴ്സ് ഹോട്ടലിലാണ് സ്വീകരണം നൽകിയത്. ഫോറം പ്രസിഡൻറ് ശൈഖ് അബ്ദുല്ല ബിൻ ബയ്യ സംഘത്തെ സ്വീകരിച്ചു.
മുസ്ലിം, ക്രിസ്ത്യൻ, യഹൂദ മതങ്ങളിൽനിന്നുള്ള 30 പേരാണ് സംഘത്തിലുള്ളത്. അമേരിക്കയിലെ പത്ത് സ്റ്റേറ്റുകളിലായുള്ളവരാണ് ഇവർ. പരസ്പര ആദരവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ മാതൃകകളും പ്രവർത്തന രീതീകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ യാത്ര.
സഹവർത്തിത്വവും സഹിഷ്ണുതയും ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ വിവേചന വിരുദ്ധ നിയമം ഉൾപ്പെടെയുള്ള മാതൃകകൾ പരിചയപ്പെടാൻ സംഘത്തിന് അവസരം ലഭിക്കും. അബൂദബിയിലെയും മറ്റും പ്രമുഖ സ്മാരക സൗധങ്ങളും സംഘം സന്ദർശിക്കും. വ്യാഴാഴ്ച വരെ അബൂദബിയിലുണ്ടാകുന്ന സംഘം ശിൽപശാലകൾ, ചർച്ചകൾ, ബോധവത്കരണ സെഷനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
അബ്രഹാം പ്രവാചകെൻറ പാരമ്പര്യത്തിലുള്ള മതങ്ങൾക്ക് പൊതുവായി നിരവധി കാര്യങ്ങളുണ്ടെന്ന് ശൈഖ് അബ്ദുല്ല ബിൻ ബയ്യ പ്രഭാഷണത്തിൽ പറഞ്ഞു. സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും സഹിഷ്ണുത ബലപ്പെടുത്താനും ഇത്തരം സമന്വയങ്ങളെ ഉയർത്തിക്കാട്ടുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.