Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അമലൂഹ അൽ...

‘അമലൂഹ അൽ മസ്‌രിയീൻ’...അതിരുകളില്ലാതെ ആഘോഷം

text_fields
bookmark_border
‘അമലൂഹ അൽ മസ്‌രിയീൻ’...അതിരുകളില്ലാതെ ആഘോഷം
cancel
camera_alt

ലോകകപ്പ്​ ഫുട്​ബാളിൽ ആസ്​ട്രേലിയക്കെതിരെ ഈജിപ്ത്​ ജയിച്ചതോടെ ദുബൈയിലെ കഫേകളിൽ ആളുകളുടെ ആഹ്ലാദം 

ദുബൈ: ലോകം ഉറ്റുനോക്കിയ കളി അങ്ങ്​ യു.എസിലെ ഡാളസ്​ സ്​റ്റേഡിയത്തിലായിരുന്നു. ഷൂട്ടൗട്ടിൽ ഫറോവമാരുടെ നാലാമത്തെ കിക്കെടുക്കാനെത്തിയത്​ ഹുസ്സാം അബ്​ദുൽ മജീദ്​. ആ കിക്ക്​ ആസ്​ട്രേലിയൻ ഗോളിക്ക്​ അവസരമൊന്നും നൽകാതെ വലക്കണ്ണികളിൽ മുത്തമിട്ടതോടെ ഈജിപ്ത്​ ലോകകപ്പ്​ ഫുട്​ബാളിൽ ഐതിഹാസികമായ മറ്റൊരു പടവുകൂടി കയറിയെത്തുകയായിരുന്നു. വിശ്വമേളയിൽ ഇതാദ്യമായി അവരുടെ പ്രീ ക്വാർട്ടർ പ്രവേശം.

ഹുസ്സാമിന്‍റെ കിക്ക്​ വലയെ ചുംബിക്കുമ്പോൾ വിജയാഘോഷത്തിന്​ യു.എ.ഇയും അരങ്ങാവുകയായിരുന്നു. അറബ്​ ലോകത്തിന്‍റെ മുഴുവൻ ആദരവും അഭിനന്ദനവുമേറ്റു വാങ്ങി മുഹമ്മദ്​ സലാഹും കൂട്ടരും ചരിത്രവിജയം കുറിച്ചതിനു പിന്നാലെ ആഘോഷം പടികടന്നെത്തി. കാറുകളുടെ ഹോൺ മുഴക്കിയും പരമ്പരാഗത ‘കുരവ’ ശബ്ദം പുറപ്പെടുവിച്ചുമൊക്കെ ഈജിപ്ത്​ വിജയത്തിന്‍റെ അനുരണനങ്ങൾ യു.എ.ഇ തെരുവുകളെ ആനന്ദസാന്ദ്രമാക്കി. ലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പ്രവാസികളുടെ വീടായ യു.എ.ഇയിൽ ആ സന്തോഷം അതിന്റെ പൂർണതയിലാണ്​ പ്രതിഫലിച്ചത്​.

‘ഷെമാൽ യമീൻ അമലൂഹ അൽ മസ്‌രിയീൻ’ (ഇടതും വലതും, ഈജിപ്തുകാർ അത് സാധിച്ചെടുത്തു) എന്ന് അവർ അതിരറ്റ സന്തോഷത്തോടെ പാടിക്കൊണ്ടിരുന്നു. ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന്​ തുല്യനിലയിലായിരുന്നു. ഒടുവിൽ എക്സ്​ട്രാ ടൈമും കഴിഞ്ഞ്​ വിധി പെനാൽറ്റി ഷൂട്ടൗട്ടിന്‍റെ അഗ്​നിപരീക്ഷണത്തിലേക്ക്​ നീണ്ടപ്പോൾ വിജയം 4-2ന്​.

ഹുസ്സാം കിക്ക് എടുക്കാനായി മുന്നോട്ട് വന്നപ്പോൾ, വെള്ളിയാഴ്ച രാത്രി യു.എ.ഇയിലുടനീളമുള്ള ആയിരക്കണക്കിന് ഈജിപ്തുകാർ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. പന്ത്​ വലയിലെത്തിയ നിമിഷം യു.എ.ഇയിലെ കഫേകളിലും വീടുകളിലും തിയേറ്ററുകളിലും ഫാൻ പിറ്റുകളിലുമൊക്കെ ആഹ്ലാദാരവങ്ങൾ ഉച്ചസ്ഥായിയിലായി. ദുബൈയിലെയും അജ്മാനിലുമൊക്കെ പുലർച്ചെ ഒന്നരയോടെ ചുവന്ന ജേഴ്‌സി ധരിച്ച് ആരാധകർ കൂട്ടത്തോടെ തെരുവുകളിലെത്തി സന്തോഷം പങ്കുവെച്ചു. ബാൽക്കണികളിൽ നിന്ന് സ്ത്രീകൾ ‘സഗ്രൂത്ത’ എന്നറിയപ്പെടുന്ന ഉയർന്ന ശബ്ദത്തിലുള്ള കുരവകൾ മുഴക്കി. വൈകിയ വേളയിലും കുട്ടികളടക്കമുള്ള കുടുംബങ്ങൾ ഈ ആഹ്ലാദപ്രകടനങ്ങളിൽ പങ്കുചേർന്നു. വാഹനങ്ങളുടെ ഹോൺ മുഴക്കിയും പതാകൾ വീശിയും അവർ ആഘോഷം കൊഴുപ്പിച്ചു.

ഈജിപ്ഷ്യൻ-അറബ് പ്രൗഢിയുടെ ആ ആഘോഷ രാവിനൊപ്പം ബുർജ്​ ഖലീഫയും ചേർന്നു. ഈജിപ്ത് ലോകകപ്പിന്റെ അവസാന 16ലേക്ക് മുന്നേറിയപ്പോൾ, ലോകത്തിലെ ഏറ്റവും ഉയർന്ന ഗോപുരമായ ബുർജ് ഖലീഫ ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളാൽ അലംകൃതമായി. ഈജിപ്തുകാർ മാത്രമല്ല, ഈ വിജയത്തിൽ ആനന്ദനൃത്തം ചവിട്ടിയത്​​. ഇന്ത്യക്കാരും ഫിലീപ്പീൻകാരും ബംഗ്ലാദേശികളുമൊക്കെ അവിസ്മരണീയ വിജയത്തിൽ അവർക്കൊപ്പം ആഹ്ലാദത്തിലാണ്ടു. ഇനി പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയാണ്​ ഈജിപ്തിന്‍റെ എതിരാളികൾ. ലയണൽ മെസ്സിയെയും സംഘത്തെയും വീഴ്ത്തി ഫറോവമാർ വിസ്മയ ചരിതം രചിക്കുന്നതിന്​ കാത്തിരിക്കുകയാണ്​ യു.എ.ഇയിലെ ഈജിപ്​ഷ്യൻ പ്രവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAEKhalifa
News Summary - Amalouha Al Masrieen’... Celebration without boundaries
Next Story