അൽഅവീർ വൈദ്യുതി നിലയം: നാലാംഘട്ടം പരിശോധന തുടങ്ങി
text_fieldsഅൽ അവീറിൽ നിർമാണം പുരോഗമിക്കുന്ന ദീവ വൈദ്യുതി നിലയം
പുരോഗമിക്കുന്ന ദീവ
ദുബൈ: അൽ അവീറിൽ നിർമാണം പുരോഗമിക്കുന്ന വൈദ്യുതി നിലയത്തിലെ നാലാം ഘട്ടത്തിന്റെ പ്രവർത്തന പരിശോധന ആരംഭിച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ).
ടർബൈനുകളുടെയും പവർ ജനറേറ്ററുകളുടെയും പ്രാരംഭ പ്രവർത്തനവും പവർ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതും സംബന്ധിച്ച സാങ്കേതികമായ പരിശോധനക്കാണ് ദീവ ചൊവ്വാഴ്ച തുടക്കമിട്ടത്.
നാലാം ഘട്ടം പൂർത്തിയാകുന്നതോടെ 829 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. ദുബൈയിൽ വർധിച്ചുവരുന്ന വൈദ്യുതിയുടെ ആവശ്യകത മുന്നിൽ കണ്ട് 110 കോടി ദിർഹം ചെലവിലാണ് അൽ അവീറിൽ ദീവ കൂറ്റൻ വൈദ്യുതി ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നത്.
നാലാം ഘട്ടം പൂർത്തിയാവുന്നതോടെ പവർ സ്റ്റേഷൻ കോംപ്ലക്സിന്റെ ആകെ ഉൽപാദന ശേഷി 2825 മെഗാവാട്ടായി ഉയരുമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പഞ്ഞു.
എമിറേറ്റിലെ ജനങ്ങൾക്ക് കാര്യക്ഷമമായ രീതിയിൽ ഉയർന്ന നിലവാരത്തിലുള്ള വൈദ്യുതി സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതോടൊപ്പം പീക്ക് ലോഡ് സമയങ്ങളിൽ വൈദ്യുതി ഉൽപാദനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തും.
ഈ വർഷം രണ്ടാം പാദത്തിൽ നിർമാണം പൂർത്തീകരിക്കുന്നതുവരെ ഇത്തരം പ്രവർത്തന പരിശോധനകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ അളവിൽ അന്തരീക്ഷ മലിനീകരണം കുറക്കാൻ കഴിയുന്ന അതിനൂതനവും അത്യാധുനികവുമായ സംവിധാനങ്ങളാണ് പ്ലാന്റിൽ ഉപയോഗിക്കുന്നതെന്ന് ദീവ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് നാസർ ലൂത്ത് പറഞ്ഞു. എമിറേറ്റിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യവും സുരക്ഷയും ഗുണനിലവാരവും കാര്യക്ഷമതയും നിലനിർത്തി നിശ്ചയിച്ച സമയപ്രകാരം തന്നെയാണ് പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നത്.
സീമൻസ് എനർജി ആൻഡ് എൽസ്വെഡി പവർ എന്ന കമ്പനി ഉൾപ്പെടുന്ന കൺസോർട്ട്യമാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതി വിതരണം, ഇൻസ്റ്റാളിങ്, ടെസ്റ്റിങ്, സീമൻസ് ഗ്യാസ് ടർബൈനുകളുടെ കമീഷനിങ് ഉൾപ്പെടെയുള്ള പ്രവർത്തനത്തിൽ പ്രാദേശികമായും റീജനലായും പ്രവർത്തിക്കുന്ന ചെറു കമ്പനികളും ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

