കരാർ പ്രകാരമുള്ള ഉൽപന്നങ്ങൾ നൽകിയില്ല; യു.എ.ഇയിൽ അലുമിനിയം ഫോയിൽ നിർമാണ കമ്പനിക്ക് 31 ലക്ഷം പിഴ
text_fieldsദുബൈ: വിദേശ കമ്പനിയുമായുള്ള കരാർ ലംഘിക്കുകയും വാഗ്ദാനം ചെയ്ത അളവിൽ ഉൽപന്നങ്ങൾ നൽകാതിരിക്കുകയും ചെയ്ത കേസിൽ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലുമിനിയം ഫോയിൽ നിർമാണ കമ്പനിക്ക് 31 ലക്ഷം ദിർഹം പിഴ ചുമത്തി ദുബൈ സിവിൽ കോടതി. ഇതേ കേസിൽ വ്യാജ ബാങ്ക് ഇടപാട് റസീപ്റ്റ് നിർമിച്ച കമ്പനി മാനേജർ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. യൂറോപ്യൻ കമ്പനിയും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലുമിനിയം ഫോയിൽ നിർമാണ കമ്പനിയും തമ്മിലുള്ള ഇടപാട് തർക്കമാണ് കോടതി കയറിയത്.
245 ടൺ ഉൽപന്നങ്ങൾ നൽകാനായിരുന്നു വിദേശ കമ്പനിയുമായുള്ള കരാർ. ഇതിനായി 1.17 ദശലക്ഷം ഡോളർ വിദേശ കമ്പനി നൽകുകയും ചെയ്തിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള മുഴുവൻ ഉൽപന്നങ്ങളും കൈമാറുന്നതിൽ അലുമിനിയം കമ്പനി പരാജയപ്പെട്ടു. ഏതാണ്ട് 4,48,000 ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങളാണ് കമ്പനി നൽകാനുണ്ടായിരുന്നത്. പലതവണ ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽകാതെ ഷിപ്പുമെന്‍റുകൾ പിടിച്ചുവെച്ചുവെന്നാണ് കേസ്.
എന്നാൽ, വിദേശ കമ്പനിക്ക് നൽകാനുണ്ടായിരുന്ന പണം കൈമാറിയെന്ന് അവകാശപ്പെടുന്ന ബാങ്ക് റസീപ്റ്റ് അലുമിനിയം കമ്പനി മാനേജർ ഹാജരാക്കിയെങ്കിലും പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. നടപടിക്രമങ്ങൾക്കിടെ കോടതി സ്വതന്ത്ര വിദഗ്ധനെ കേസ് പരിശോധനക്കായി ചുമതലപ്പെടുത്തി. ഇദ്ദേഹം നൽകിയ റിപോർട്ട് അനുസരിച്ച് അലുമിനിയം കമ്പനി 7.49 ലക്ഷം ഡോളറിന്‍റെ കുടിശ്ശിക നൽകാനുണ്ടെന്ന് കണ്ടെത്തി. ഇത് പരിശോധിച്ച കോടതി കമ്പനിക്കെതിരെ വൻ തുക ചുമത്തുകയും മാനേജർക്കെതിരെ വ്യാജ ബാങ്ക് റസീപ്റ്റ് നിർമിച്ചതിന് കേസെടുക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

