ദുബൈയിൽ തർക്ക പരിഹാരത്തിന് ബദൽ സംവിധാനം
text_fieldsദുബൈ: നിയമ നടപടികൾക്ക് പകരം ഒത്തുതീർപ്പിലൂടെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ബദൽ സംരംഭം അവതരിപ്പിച്ച് ദുബൈ. ‘അനുരഞ്ജനമാണ് നല്ലത്’ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന് ദുബൈ അറ്റോണി ജനറൽ ഇസ്സാം ഈസ അൽ ഹുമൈദാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.
ബദൽ തർക്ക പരിഹാര മാർഗങ്ങൾ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹിഷ്ണുതയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിയമ രംഗത്തെ മികവിനായുള്ള ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ ദീർഘവീക്ഷണമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അനുരഞ്ജനമാണ് നല്ലത്’ എന്ന സംരംഭത്തിലൂടെ തർക്കം പരിഹരിക്കാൻ ആഗ്രഹിക്കുന്ന ഇരു പാർട്ടികളെയും പ്രോസിക്യൂട്ടർമാർ ന്യായവും നിയമപരവുമായ സെറ്റിൽമെന്റിലെത്തിക്കുകയാണ് ചെയ്യുക. പരമ്പരാഗതമായ നിയമ നടപടികൾക്കുള്ള ക്രിയാത്മകമായ ഒരു ബദൽ എന്ന നിലയിലാണ് പുതിയ സംരംഭം വിലയിരുത്തുന്നത്.
തർക്കമുള്ള പാർട്ടികളെ പരസ്പരധാരണയിലെത്തിച്ച് വിഷയം രമ്യമായി പരിഹരിക്കുന്നതിലൂടെ ദീർഘകാലം നീളുന്ന നിയമ നടപടികളിൽനിന്നുള്ള മോചനം കൂടിയാണ് പുതിയ സംവിധാനം ഉറപ്പുനൽകുന്നത്. വേഗത്തിലും ന്യായയുക്തവുമായ പരിഹാരം കണ്ടെത്തുക വഴി നിയമ സംവിധാനത്തിന് മേലുള്ള സമ്മർദം കുറക്കാനും പുതിയ സംരംഭം സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

