അൽഖൂസ് ക്രിയേറ്റീവ് സോൺ വികസനം പൂർത്തിയായി; അൽ മനാറ സ്ട്രീറ്റിൽ പുതിയ പെഡസ്ട്രിയൻ, സൈക്കിൾ പാലം നിർമിച്ചു
text_fieldsഅൽ മനാറ സ്ട്രീറ്റിൽ നിർമിച്ച പുതിയ പെഡസ്ട്രിയൻ, സൈക്കിൾ പാലം
ദുബൈ: അൽഖൂസ് ക്രിയേറ്റീവ് സോണിൽ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) വിപുലമായ അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാക്കി. കലാകാരന്മാർക്കും ഡിസൈനർമാർക്കും സംരംഭകർക്കുമുള്ള ക്രിയേറ്റീവ് ഹബ്ബാക്കി മേഖലയെ മാറ്റുന്ന പദ്ധതികളുടെ ഭാഗമാണ് വികസനം ആസൂത്രണം ചെയ്തത്.
കാൽനടയായും സൈക്കിളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചും പ്രദേശത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതിനാണ് വികസന പദ്ധതി രൂപപ്പെടുത്തിയത്. ഇതിനായി അൽ മനാറ സ്ട്രീറ്റിൽ 45 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുള്ള പുതിയ പെഡസ്ട്രിയൻ, സൈക്കിൾ പാലം നിർമിച്ചിട്ടുണ്ട്. ആറു മീറ്റർ ഉയരത്തിലുള്ള ഈ പാലത്തിലേക്ക് 210 മീറ്റർ നീളമുള്ള രണ്ട് റാംപുകൾ വഴി പ്രവേശിക്കാം.
അതോടൊപ്പം മൂന്ന് പുതിയ മൊബിലിറ്റി ഹബുകളും നാല് കി.മീറ്റർ നീളത്തിലുള്ള നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. ഇത് ഓൺപാസീവ് മെട്രോ സ്റ്റേഷനെയും അൽ ഖൂസ് ബസ് സ്റ്റേഷനെയും ക്രിയേറ്റീവ് സോണുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. കാറുകളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ സാംസ്കാരിക പരിപാടികളുടെ സന്ദർഭങ്ങളിൽ ചില റോഡുകൾ വാഹനഗതാഗതത്തിന് അടച്ച് നടപ്പാതകളാക്കുന്ന ‘സൂപ്പർ ബ്ലോക്ക്സ്’ പദ്ധതി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ജനുവരി 24, 25 തീയതികളിൽ നടക്കുന്ന അൽ ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ ഇത് ആദ്യമായി പ്രയോഗിക്കും. സൂപ്പർ ബ്ലോക്ക്സ് പദ്ധതി ‘കുടുംബ വർഷാചരണം’, ‘ദുബൈ സോഷ്യൽ അജണ്ട 33’, ദുബൈ അർബൻ പ്ലാൻ 2040 എന്നിവയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു. 20 മിനിറ്റ് സിറ്റി ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി പരിസ്ഥിതിസൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾക്കും പുതിയ നിക്ഷേപ അവസരങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൽ ഖൂസ് ക്രിയേറ്റീവ് സോണിനെ മെട്രോയും ബസ് സ്റ്റേഷനുമായും ബന്ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതാണെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

