ബർദുബൈയിൽ ഷിന്ദഗ ഇടനാഴി വികസനം പൂർത്തിയായി
text_fieldsഷിന്ദഗ ഇടനാഴി വികസനപദ്ധതി പൂർത്തിയായ ബർദുബൈ ഭാഗം
ദുബൈ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് വികസന പദ്ധതിയായ ഷിന്ദഗ ഇടനാഴി വികസനം ബർദുബൈ ഭാഗത്ത് പൂർത്തിയായി. ഈ ഭാഗത്തെ പദ്ധതിയുടെ അഞ്ചു ഘട്ടങ്ങളും പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു. ദുബൈയിൽ ഗതാഗതം എളുപ്പമാക്കുന്ന പദ്ധതി വഴി യാത്രാസമയം 80മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും പാലം തുറന്നതോടെയാണ് പദ്ധതി പൂർത്തിയായത്.
ശൈഖ് റാശിദ് റോഡിന്റെയും അൽ മിന സ്ട്രീറ്റിന്റെയും ജങ്ഷൻ വികസനത്തിന്റെ ഭാഗമായാണ് പാലം നിർമിച്ചത്. ഇത് നിലവിൽ വന്നതോടെ അൽ ഗർഹൂദ് പാലത്തിൽനിന്ന് പോർട്ട് റാശിദിലേക്ക്, ഇൻഫിനിറ്റി പാലം വഴിയും വാട്ടർഫ്രണ്ട് മാർക്കറ്റിലേക്കും വാഹനയാത്രക്കാർക്ക് ഇപ്പോൾ തടസ്സമില്ലാതെ ഗതാഗതം സാധ്യമാകും. ജുമൈറ സ്ട്രീറ്റിൽനിന്ന് ഇൻഫിനിറ്റി ബ്രിഡ്ജിലേക്കുള്ള യാത്രക്ക് ഇനി അഞ്ച് മിനിറ്റ് മാത്രമെ എടുക്കൂവെന്ന് ആർ.ടി.എ അറിയിച്ചു. ഇൻഫിനിറ്റി ബ്രിഡ്ജിൽനിന്ന് അൽ മിന സ്ട്രീറ്റിലേക്കും ഡിസംബർ 2 സ്ട്രീറ്റുമായുള്ള കവലയിലെ അൽ വാസൽ റോഡിലേക്കും സഞ്ചരിക്കാൻ അഞ്ച് മിനിറ്റ് എടുക്കും.
ദേരയിലെ ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പിന്റെ അവസാനം മുതൽ അൽ ഖലീജ് സ്ട്രീറ്റിന്റെയും കൈറോ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതി പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
അൽ ഷിന്ദഗ ഇടനാഴി വികസനപദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ ഭാഗമായി ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ് തുടങ്ങിയ വിവിധ ഭാഗങ്ങളാണ് വികസിപ്പിക്കുന്നത്. ദുബൈ ഐലൻഡ്സ്, ദുബൈ മാരിടൈം സിറ്റി, റാശിദ് തുറമുഖം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വികസന മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനൊപ്പം ദേര, ബര്‍ദുബൈ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുക, തിരക്ക് കുറക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

