മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ടും മലബാർ ഗോൾഡും
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ബോളിവുഡ് താരം ആലിയ ഭട്ട് തിളങ്ങിയത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭരണങ്ങളണിഞ്ഞ്.
ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ ആദ്യമായി പങ്കെടുത്ത ആലിയ മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ന്യൂയോർക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം ഫാഷൻ മാഗസിനായ വോഗ് നടത്തുന്ന പരിപാടിയാണ് മെറ്റ് ഗാല.
പ്രശസ്ത ജർമൻ ഡിസൈനർ കാൾ ലാഗർ ഫെൾഡിന്റെ സ്മരണാർഥം ‘ഇൻ ഹോണർ ഓഫ് കാൾ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ആലിയ ധരിച്ചിരുന്ന ഡയമണ്ട് മോതിരം രൂപകൽപനചെയ്തത് പ്രശസ്ത ആഭരണ ഡിസൈനർ ആലീസ് സിക്കോളിനിയാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽനിന്നുള്ള ആഭരണവിദഗ്ധരുടെ നേതൃത്വത്തിൽ നിർമിച്ച ഈ മോതിരത്തിന്റെ മധ്യഭാഗത്ത് 2.21 സി.ടി റോസ് കട്ട് സോളിറ്റയർ പതിച്ചിട്ടുണ്ട്. ഇതിന് ചുറ്റും നൂറിലധികം വജ്രങ്ങളും മുത്തുകളും പതിച്ചിരുന്നു.
തിളങ്ങുന്ന വെളുത്ത ബ്രൈഡൽ ഗൗൺ ധരിച്ച് മെറ്റ ഗാലയിൽ പങ്കെടുത്ത ആലിയയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

