അൽജീരിയ സ്ട്രീറ്റ് റോഡ് നവീകരണം പൂർത്തിയായി
text_fieldsനവീകരണം പൂർത്തിയായ അൽജീരിയ സ്ട്രീറ്റ് റോഡ്
ദുബൈ: നഗരഗതാഗതത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്ന ഒരു റോഡ് നവീകരണ പദ്ധതികൂടി പൂർത്തീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നഗരത്തിലെ അൽജീരിയ സ്ട്രീറ്റിന്റെയും അൽ ഖവാനീജ് സ്ട്രീറ്റിന്റെയും (തെക്ക്) ജങ്ക്ഷൻമുതൽ തൂനിസ് സ്ട്രീറ്റ് (വടക്ക്) അൽ മുഹൈസ്ന, അൽ മിസാർവരെയുള്ള രണ്ട് കിലോമീറ്റർ നീളത്തിലെ റോഡ് വിപുലീകരണമാണ് പൂർത്തീകരിച്ചത്. അൽജീരിയ സ്ട്രീറ്റിലെ റോഡിന്റെ ഇരുഭാഗത്തും ഓരോ ലൈൻ വീതം പദ്ധതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തേ രണ്ട് ലൈനായിരുന്നത് നിലവിൽ മൂന്നായാണ് വർധിപ്പിച്ചത്. ഇതോടെ റോഡിലെ ഇരുഭാഗത്തും മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം 6,000ത്തിൽനിന്ന് 9,000 ആയി വർധിച്ചുവെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ശെഹി പറഞ്ഞു.
പദ്ധതി വഴി നിലവിലെ റൗണ്ട് എബൗട്ടിനെ സിഗ്നലോടെയുള്ള ജങ്ക്ഷനാക്കി മാറ്റിയിട്ടുണ്ട്. ഇടത് ഭാഗത്തേക്ക് തിരിയുന്നതിന് ഇതുവഴി സാധിക്കും. നവീകരണ പ്രവർത്തനങ്ങൾ റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം, തിരക്കുള്ള സമയങ്ങളിൽ അൽ ഖവാനീജ് സ്ട്രീറ്റിൽനിന്ന് തൂനിസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽനിന്ന് ഏഴ് മിനിറ്റായി കുറക്കുന്നതിനും സഹായിക്കുന്നതാണ്. ഇതനുസരിച്ച് മേഖലയിലെ ട്രാഫിക് 50 ശതമാനം കുറയുകയും യാത്ര എളുപ്പമാകുകയും ചെയ്യുന്നതാണ്. ഇത് മുഹൈസിനയിലെയും അൽ മിസാറിലെയും റെസിഡൻഷ്യൽ കമ്യൂണിറ്റികൾക്ക് ഗുണകരമാകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. അൽജീരിയ സ്ട്രീറ്റിന്റെ ഇടതുവശത്ത് സ്ട്രീറ്റ് 11 മുതൽ സ്ട്രീറ്റ് 27 വരെയും വലതുവശത്ത് സ്ട്രീറ്റ് 27 മുതൽ തൂനിസ് സ്ട്രീറ്റ് വരെയും സൈക്ലിങ് ട്രാക്കുകളും കാൽനടക്കാർക്കുള്ള പാതകളും വികസിപ്പിച്ചിട്ടുണ്ട്. ഇത് അൽജീരിയ സ്ട്രീറ്റിന്റെ മുഖച്ഛായതന്നെ മാറ്റുകയും പ്രദേശത്തെ കൂടുതൽ താമസത്തിന് യോജിച്ചതാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

