പെര്‍ഫ്യൂം വിറ്റുനടന്ന നിഷാദിന്‍റെ കൈകളില്‍ ഇനി യു.എ.ഇയുടെ സ്വപ്‌നവേഗം; ഇത്തിഹാദ് റെയിലിന്‍റെ ‘ക്യാപ്റ്റന്‍’ ആയി ആലപ്പുഴക്കാരൻ
text_fieldsനിഷാദ്
അബൂദബി: പെട്രോള്‍ പമ്പുകളില്‍ ഓരോ പെര്‍ഫ്യൂം വില്‍ക്കുമ്പോഴും കിട്ടുന്ന ഒരു ദിര്‍ഹം ഇന്‍സെന്‍റിവിനായി വെയിലത്തു നിന്നൊരു 19കാരനുണ്ടായിരുന്നു പത്തുവര്‍ഷം മുമ്പ് യു.എ.ഇയില്‍. ആയിരക്കണക്കിന് ഹോട്ട്ഡോഗ് സാൻഡ്വിച്ചുകള്‍ ഉണ്ടാക്കിയും സാധനങ്ങള്‍ ഹോം ഡെലിവറി നടത്തിയും തറ തുടച്ചും പ്രവാസത്തിന്‍റെ കഠിനവഴികളിലൂടെ നടന്ന ആ ആലപ്പുഴക്കാരന്‍ ഇന്ന് യു.എ.ഇയുടെ അഭിമാന പദ്ധതിയായ ‘ഇത്തിഹാദ് റെയിലിന്‍റെ’ നിയന്ത്രണമേറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ട്രെയിന്‍ ക്യാപ്റ്റനാണ്. ജീവിതത്തിന്‍റെ ദുസ്സഹമായ ട്രാക്കിൽനിന്ന് കഠിനാധ്വാനത്തിന്‍റെ പാളത്തിലൂടെ അതിശയക്കുതിപ്പ് നടത്തിയ 29 വയസ്സുകാരനായ ആലപ്പുഴ സ്വദേശി നിഷാദിന്‍റെ ജീവിതം, പ്രതിസന്ധികളില്‍ തളരുന്ന ഏതൊരു പ്രവാസിക്കും വഴിവിളക്കാണ്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഫുജൈറയില്‍നിന്ന് അബൂദബിയിലേക്ക് ഇത്തിഹാദ് യാത്രാ ട്രെയിനുകള്‍ ചൂളംവിളിച്ചു പായുമ്പോള്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അത് അഭിമാന നിമിഷമാവും. ആ സ്വപ്‌ന റെയില്‍ ശൃംഖലയുടെ പൈലറ്റ് ക്യാബിന്‍റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുമ്പോള്‍ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ചരിത്ര നേട്ടമാണ് നിഷാദ് സ്വന്തമാക്കിയത്. നിലവില്‍ ഇത്തിഹാദ് റെയിലിലെ ട്രെയിന്‍ ഓപറേഷന്‍സ് ടീം ലീഡറും കീ ഇന്‍സ്ട്രക്ടറുമാണ് ഈ ചെറുപ്പക്കാരന്‍.
‘ഒരു ദിര്‍ഹം’ ഇന്‍സെന്‍റിവില്‍ നിന്ന് റെയിലിന്റെ അമരത്തേക്ക്
2014ലാണ് വെറുമൊരു വിൽപനക്കാരനായും കാഷ്യറായുമൊക്കെ നിഷാദ് യു.എ.ഇയുടെ മണ്ണിലെത്തുന്നത്. പെട്രോള്‍ പമ്പുകളില്‍ പെര്‍ഫ്യൂം വിറ്റും റെസ്റ്റോറന്‍റുകളില്‍ സാന്‍ഡ്വിച്ച് ഉണ്ടാക്കിയുമായിരുന്നു തുടക്കം. 'തീരെ ചെറുതെന്ന് മറ്റുള്ളവര്‍ക്ക് തോന്നാവുന്ന ആ ജോലികളാണ് എന്നില്‍ അച്ചടക്കവും ക്ഷമയും ലക്ഷ്യബോധവും വളര്‍ത്തിയത്. ഇന്നത്തെ ഞാനാവാന്‍ കാരണം അന്ന് ജീവിക്കാന്‍ വേണ്ടി ചെയ്ത ആ കൊച്ചു ജോലികളാണ്’ -നിഷാദ് തന്‍റെ സോഷ്യൽ മീഡിയ പേജില്‍ കുറിച്ച വാക്കുകളില്‍ ഒരു പ്രവാസിയുടെ അതിജീവനത്തിന്‍റെ കരുത്തുണ്ട്.
2017ല്‍ മോണോ റെയിലിലൂടെയാണ് നിഷാദ് റെയില്‍വേ മേഖലയിലേക്ക് ചുവടുവെക്കുന്നത്. ജീവിതം കരക്കടുക്കുന്നു എന്ന് കരുതിയപ്പോള്‍ കോവിഡ് മഹാമാരിയുടെ വരവ്. ശമ്പളം വെട്ടിക്കുറക്കലും പ്രതിസന്ധികളും നിറഞ്ഞ ആ കാലത്തും നിഷാദ് തളര്‍ന്നില്ല. ദുബൈ മെട്രോയുടെയും ട്രാമിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പഠിച്ച് തന്‍റെ കഴിവുകള്‍ വികസിപ്പിച്ചു. തുടര്‍ന്ന് കീ ഇന്‍സ്ട്രക്ടര്‍ പദവിയിലേക്കും ഉയര്‍ന്നു. 2023ല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപറേഷന്‍സ് ടീം ലീഡറായും തുടര്‍ന്ന് സീനിയര്‍ ടീം ലീഡറായും നിഷാദ് തിളങ്ങി.
ഒരു ‘ഇമെയില്‍ ടൈപ്പോ’ മാറ്റിയെഴുതിയ വിധി
ഇത്തിഹാദ് റെയിലിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. 2020ല്‍ ട്രെയിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും, ചെറിയ ഇമെയില്‍ വിലാസത്തിലെ ഒരു അക്ഷരത്തെറ്റ് കാരണം അവസരം കൈവിട്ടുപോയി. തോറ്റുകൊടുക്കാന്‍ നിഷാദ് തയാറല്ലായിരുന്നു. വീണ്ടും അപേക്ഷിച്ചു. 2022ല്‍ കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 2024ല്‍ ഇത്തിഹാദ് റെയിലിന്‍റെ ആദ്യ ഇന്ത്യന്‍ മലയാളി ട്രെയിന്‍ ക്യാപ്റ്റന്‍ എന്ന ചരിത്ര പദവിയിലേക്ക് നിഷാദ് നിയോഗിക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം ട്രെയിന്‍ ഓപറേഷന്‍സ് ടീം ലീഡര്‍, കീ ഇന്‍സ്ട്രക്ടര്‍, അസസര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.
സ്വന്തം മാതാപിതാക്കള്‍ പോലും അറിയാതിരുന്ന പോരാട്ടം
കരിയറിന്‍റെ തുടക്കകാലത്തെ കഷ്ടപ്പാടുകള്‍ സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അറിയില്ലായിരുന്നു എന്ന് നിഷാദ് വെളിപ്പെടുത്തുന്നു. ലക്ഷ്യങ്ങള്‍ക്കായി പോരാടുന്ന, വഴിമുട്ടി നില്‍ക്കുന്ന പ്രവാസ ലോകത്തെ യുവത്വത്തിന് പ്രചോദനമാകാനാണ് ഇപ്പോള്‍ ഇത് പരസ്യമാക്കുന്നത്. 'നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ എപ്പോഴെങ്കിലും വഴിമുട്ടിയതായി തോന്നിയാല്‍ ഓര്‍ക്കുക, സ്ഥിരതയും ക്ഷമയും നിങ്ങളുടെ യാത്രയിലുള്ള വിശ്വാസവുമാണ് ഏറ്റവും വലിയ ആയുധങ്ങള്‍. നിങ്ങളുടെ സമയം വരും, പരാജയം സമ്മതിക്കരുത്...’ നിഷാദ് ഓര്‍മിപ്പിക്കുന്നു.
ആലപ്പുഴ സ്വദേശികളായ നൗഷാദിന്‍റെയും ഷീബയുടെയും മകനായ നിഷാദിന് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ട്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിന്‍ഷാദ് സഹോദരനും നസ്ലി സഹോദരിയുമാണ്. ഹിബ ഗഫൂറാണ് ഭാര്യ. മകന്‍: ഖലീഫ സായിദ്. നിഷാദ് ട്രെയിനിന്‍റെ പൈലറ്റ് ക്യാബിന്‍റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുമ്പോള്‍ അത് യു.എ.ഇയുടെ ഗതാഗത ചരിത്രത്തില്‍ മാത്രമല്ല, കഠിനാധ്വാനം കൈമുതലായുള്ള ഓരോ മലയാളി പ്രവാസിയുടെയും ഹൃദയത്തിലാണ് പുതിയൊരു ചരിത്ര വേഗത കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

