വിദേശ ആസ്തി വെളിപ്പെടുത്തൽ;ആശങ്ക വേണ്ടെന്ന് നികുതി വിദഗ്ധർ
text_fieldsദുബൈ: പ്രവാസികളായ നികുതിദായകർ വിദേശത്തെ ആസ്തി വെളിപ്പെടുത്തണമെന്ന കേന്ദ്ര ആദായനികുതി വകുപ്പിന്റെ നിർദേശത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ. വർഷം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയ പ്രവാസികൾ വിദേശത്തെ ആസ്തി വെളിപ്പെടുത്തേണ്ടിവരും. ഇന്ത്യയിലെ ബാങ്കുകളിൽ സാധാരണ സേവിങ്സ് അക്കൗണ്ട് നിലനിർത്തുന്ന പ്രവാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞമാസം 28 മുതലാണ് വിദേശത്തെ ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ ബിസിനസ് രംഗത്തുള്ള പ്രവാസികൾക്ക് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ എസ്.എം.എസ്, ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചത്.
വിദേശത്തെ ആസ്തി വെളിപ്പെടുത്താത്തവർക്ക് കനത്തപിഴ ലഭിക്കുമെന്നാണ് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യയിലും വിദേശത്തും ബിസിനസ് നടത്തുന്ന പലർക്കും ആദായവകുപ്പിന്റെ എസ്.എം.എസ് ലഭിച്ചത് നിരവധി പേരെ ആശങ്കയിലാക്കിയിരുന്നു. ഡിസംബർ ഒന്നിനകം നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നായിരുന്നു അറിയിപ്പ്. നികുതിദായകരെ അവരുടെ വിദേശ ആസ്തികളും വരുമാനവും സ്വയം വിലയിരുത്താനും കൃത്യമായി റിപ്പോർട്ട് ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിനായി ആദായ നികുതി വകുപ്പ് രൂപകൽപന ചെയ്ത ‘നഡ്ജ്’ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, എൻ.ആർ.ഐ സ്റ്റാറ്റസുള്ള പ്രവാസികൾക്ക് ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്ന് യു.എ.ഇയിലെ ടാക്സ് വിദഗ്ധനായ സി.എ. ഫൈസൽ സലിം പറഞ്ഞു. ഇന്ത്യയിലെ സേവിങ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുന്നവർ ഇൻകം ടാക്സിന്റെ പരിധിയിൽ വരാതിരിക്കാൻ എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകളിലേക്ക് മാറേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

