അബൂദബി മലയാളി സമാജം സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്
text_fieldsആലങ്കോട് ലീലാകൃഷ്ണൻ
അബൂദബി: അബൂദബി മലയാളി സമാജത്തിന്‍റെ 39ാമത് സാഹിത്യ പുരസ്കാരത്തിന്(2024) കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാനിധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കവി പ്രൊ. വി.മധുസുദനൻ നായർ ജൂറി ചെയർമാനും, കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി ജോയ് ഐ.എഎസ്, മലയാള മഹാ നിഘണ്ടു എഡിറ്ററും കേരള കലാമണ്ഡലം ഡീനുമായ ഡോ. പി. വേണുഗോപാലൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള കാവ്യ പാരമ്പര്യവും കേരളീയ പൈതൃകവും മാനുഷിക മൂല്യങ്ങളും കാലാനുകൂലം നവീകരിച്ച് നിലനിർത്തുന്നതിൽ ആലങ്കോട് ലീലാകൃഷ്ണൻ നടത്തുന്ന പ്രയത്നങ്ങളെ ആദരിച്ചാണ് പുരസ്കാരം നിർണയിച്ചതെന്ന് വിധികർത്താക്കാൾ പറഞ്ഞു. സെപ്റ്റംബറിൽ അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.
1982മുതൽ അബൂദബി മലയാളി സമാജം സാഹിത്യ അവാർഡ് നൽകി വരുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, സുകുമാർ അഴിക്കോട്, കടമ്മനിട്ട, എം.ടി, മധുസുദനൻ നായർ, ഒ.എൻ.വി, ടി.പത്മനാഭൻ, റഫീക്ക് അഹമ്മദ് തുടങ്ങി മലയാള സാഹിത്യത്തിലെ പ്രശസ്തരായ പഴയ തലമുറയിലേയും പുതു തലമുറയിലേയും എഴുത്തുകാർ അവാർഡിന് അർഹരായിട്ടുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബിൻ നടന്ന പത്രസമ്മേളനത്തിൽ ജൂറി ചെയർമ്മാൻ കവി പ്രൊ. വി. മധുസുദനൻ നായർ, ജൂറി കമ്മിറ്റി അംഗം ഡോ. പി. വേണുഗോപാലൻ, അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

