ശീതകാലം സജീവമാക്കി അൽഐൻ മൃഗശാല
text_fieldsഅൽഐൻ മൃഗശാലയിലെ കാഴ്ചകൾ
അൽഐൻ: ശീതകാലം ആരംഭിച്ചതോടെ സന്ദർശകർക്ക് കാഴ്ചകളുടെ വിരുന്നൊരുക്കുന്ന പ്രകൃതി സംരക്ഷണോത്സവത്തിന് അൽഐൻ മൃഗശാലയിൽ ഡിസംബർ എട്ടിന് തുടക്കമാവും. ‘സുസ്ഥിരമായ പൈതൃകം’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി ഈ മാസം 18 വരെ നീളും. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനായി നടന്നുവരുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമാണിത്. ദിവസവും രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെ നടക്കുന്ന 10 ദിവസത്തെ ഉത്സവത്തിൽ പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന നിരവധി പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മൃഗശാലയുടെ പ്രധാന കവാടത്തിൽനിന്നുതന്നെ പ്രദർശനങ്ങൾ ആരംഭിക്കും. കൂടാതെ, തിയറ്ററും ശൈഖ് സായിദ് ഡെസേർട്ട് ലേണിങ് സെന്ററും സന്ദർശകർക്ക് ആസ്വദിക്കാം. നിരവധി കലാകാരന്മാർ ഒരുക്കുന്ന കലാപ്രദർശനങ്ങളും വിവിധ സമയങ്ങളിലായി അരങ്ങേറും. വൈവിധ്യമാർന്ന നാടൻ വിഭവങ്ങളുമായി കഫേകളും തുറന്നു പ്രവർത്തിക്കും. ഉത്സവ നൂലുകൊണ്ട് തർബൂഷ്, ബുർഖ നിർമാണം, മൃഗ പ്രദർശനം, എൽ.ഇ.ഡി ഡാൻസ് പ്രകടനം എന്നിവ ഉൾപ്പെടുന്ന പ്രത്യേക കലാപ്രകടനങ്ങളും സാംസ്കാരിക പ്രദർശനങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്.
പാരമ്പര്യത്തെയും സുസ്ഥിരതയെയും ആഘോഷിക്കുന്ന വിവിധ കരകൗശല നിർമാണ വർക്ക്ഷോപ്പുകളിൽ പങ്കാളികളാകാൻ സന്ദർശകർക്ക് അവസരമുണ്ടാകും. ഇതിൽ ഖൂസ് ചാർമുകൾ നിർമിക്കൽ, സദു ബ്രേസ്ലെറ്റ് നിർമാണം, താലി ഉപയോഗിച്ച് കോസ്റ്ററുകൾ നിർമിക്കൽ, ഖൂസ് ബാസ്കറ്റിൽ സസ്യങ്ങളുടെ പരിപാലനം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് തുണി കളർ ചെയ്യൽ എന്നിവ ഉൾപ്പെടും. കൂടാതെ, കുട്ടികൾക്കും യുവാക്കൾക്കുമായി നിരവധി ക്രിയാത്മക വർക്ക്ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്. പെയിന്റിങ്, മബ്ഖാര നിറം കൊടുക്കൽ, കണ്ണാടികളിൽ വരയും പെയിന്റിങ്ങും തുടങ്ങി കലാപരമായ നിരവധി പരിപാടികളാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

